യൂണിവേഴ്സിറ്റി കോളജിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥി സംഘർഷം, ഒരു വിദ്യാർഥിക്ക് കുത്തേറ്റു

തിരുവനന്തപുരം: : തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥി സംഘർഷം, ഒരു വിദ്യാർഥിക്ക് കുത്തേറ്റു. മൂന്നാംവർഷ  ബി.എ വിദ്യാർഥി അഖിലിനാണ് കുത്തേറ്റത്. അഖിലിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐ നേതാക്കളും പ്രവർത്തകരും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

നിയാസ് എന്ന എസ്എഫ്ഐ നേതാവാണ് അഖിലിനെ കുത്തിയത്. ഇയാൾ നേരത്തെ പാളയത്ത് പൊലീസുകാരനെ അക്രമിച്ച കേസിലെ  പ്രതികൂടിയാണ്.  നെഞ്ചിൽ രണ്ട് തവണ കുത്തുകയായിരുന്നു. അതേസമയം അഖിലിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

കാമ്പസിൽ വിദ്യാർത്ഥി നേതാക്കൾ കത്തിയുമായി വിലസുകയാണെന്ന് വിദ്യാര്ഥികൾ പറയുന്നു.

സംഘർഷത്തിന് പിന്നാലെ എസ്എഫ്ഐക്കെതിരെ വിദ്യാര്ഥി ഐക്യമെന്ന മുദ്രാവാക്യവുമായി വിദ്യാര്ഥികള് കാമ്പസിന് പുറത്തിറങ്ങി റോഡ് ഉപരോധിച്ചു.

യൂണിറ്റ് പിരിച്ചുവിടണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഉണ്ടായ തർക്കങ്ങളുടെ തുടർച്ചയാണ് ഇന്നുണ്ടായ സംഘർഷം. മൂന്ന് ദിവസം മുമ്പ് ക്യാന്റീനിലിരുന്ന് പാട്ടുപാടിയതിനെ തുടർന്ന് അഖിൽ ഉൾപ്പെടെയുള്ളവരെ എസ്എഫ്ഐ നേതാക്കൾ മർദിച്ചിരുന്നു.

ഇന്ന് മരച്ചുവട്ടിലിരുന്ന് പാട്ടുപാടിയതിനെ തുടർന്ന് എസ്എഫ്ഐ യൂണിറ്റിലെ അംഗങ്ങൾ അഖിലിനെ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇതിനിടെയാണ് അഖിലിനെ കുത്തിയത്.

Back to top button