ദേശീയം (National)

മഹാരാഷ്ട്രയിൽ ശിവസേനയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസും എൻ.സി.പിയും.

ശിവസേനയും എൻ.സി.പിയും മുഖ്യമന്ത്രി പദം പങ്കിടാനും ധാരണയായി.

മഹാരാഷ്ട്രയിൽ ശിവസേനയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസും എൻ.സി.പിയും. ശിവസേനയും എൻ.സി.പിയും മുഖ്യമന്ത്രി പദം പങ്കിടാനും ധാരണയായി. കർശന ഉപാധികളാണ് മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് അംഗീകരിക്കേണ്ടിവരിക. രണ്ടര വർഷത്തേക്ക് മാത്രമേ മുഖ്യമന്ത്രിപദം ശിവസേനയ്ക്ക് ലഭിക്കൂ.

തീവ്രഹിന്ദുത്വ നിലപാട് ഉപേക്ഷിക്കുക, വിവാദ വിഷയങ്ങളിൽ യു.പി.എയുടെ പൊതുനിലപാടിനൊപ്പം നിൽക്കുക തുടങ്ങിയവയാണ് മറ്റ് ഉപാധികൾ. ശിവസേന വഴങ്ങിയാൽ പൊതുമിനിമം പരിപാടി, വകുപ്പ് വിഭജനം എന്നിവയിൽ തീരുമാനം കൈക്കൊള്ളൻ ചർച്ചകൾ ആരംഭിക്കും.

മറ്റെല്ലാ വ്യവസ്ഥകളും അംഗീകരിക്കുന്ന സാഹചര്യമുണ്ടായാൽ അഞ്ച് വർഷം മുഖ്യമന്ത്രിപദം ശിവസേനയ്ക്ക് നൽകാൻ കോൺഗ്രസും എൻ.സി.പിയും തയാറായേക്കും.

പവാർ–മോദി കൂടിക്കാഴ്ചയ്ക്കു പിന്നാലെ സർക്കാരിന്റെ ഭാഗമാകണമെന്ന സംസ്ഥാനത്തെ കോൺഗ്രസ് ഘടകത്തിന്റെ ആവശ്യത്തിന് സോണിയാ ഗാന്ധി വഴങ്ങിയതോടെയാണ് മൂന്നാഴ്ച നീണ്ടുനിന്ന പ്രതിസന്ധിക്ക് അയവ് വന്നത്. മുംബൈയിൽ അടിയന്തരമായി എത്താൻ എം.എൽ.എമാർക്ക് ശിവസേന അറിയിപ്പ് നൽകിയിട്ടുണ്ട്. എം.എൽ.എമാരെ ഗവർണർക്ക് മുൻപിൽ ഹാജരാക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിമതസ്വരം ഉയർത്തിയ 23 എം.എൽ.എമാരുമായി ഉദ്ധവ് താക്കറെ ഇന്ന് സംസാരിക്കും. അതേസമയം മഹാരാഷ്ട്രയിൽ ബി.ജെ.പിതന്നെ സർക്കാർ രൂപീകരിക്കുമെന്നും ഇപ്പോൾ നടക്കുന്നതെല്ലാം ഹാസ്യനാടകമാണെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി.

Tags
Back to top button