കോൺഗ്രസ് നിർമ്മിച്ച ബസ് സ്റ്റോപ്പ് തകർത്തു; പിന്നിൽ സി.പി.എമ്മെന്ന് ആരോപണം

കോൺഗ്രസ് നേതാവ് നാറാണത്ത് മുഹമ്മദിന്റെ ഓർമ്മക്കായി നിർമ്മിച്ച ബസ് സ്റ്റോപ്പാണ് കഴിഞ്ഞദിവസം രാത്രി ജെ.സി.ബി ഉപയോഗിച്ച് തകർത്തത്

കോഴിക്കോട്: കോഴിക്കോട് പയ്യോളി ഇരിങ്ങത്ത് കോൺഗ്രസ് നിർമ്മിച്ച ബസ് സ്റ്റോപ്പ് തകർത്തു. ഇന്നലെ രാത്രി ജെ.സി.ബി ഉപയോഗിച്ചാണ് സ്റ്റോപ്പ് തകർത്തത്. സംഭവത്തിന് പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

കോൺഗ്രസ് നേതാവ് നാറാണത്ത് മുഹമ്മദിന്റെ ഓർമ്മക്കായി നിർമ്മിച്ച ബസ് സ്റ്റോപ്പാണ് കഴിഞ്ഞദിവസം തകർത്തത്. റോഡ് വികസനത്തിനായി ബസ് സ്റ്റോപ്പ് പൊളിച്ച് മാറ്റണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നു, എന്നാൽ കോൺഗ്രസ് നേതൃത്വം അനുവദിച്ചിരുന്നില്ല.

റോഡ് വികസനത്തിന്റെ ഭാഗമായ ഓവുചാൽ നിർമ്മാണവും മുടങ്ങിയിരുന്നു. എന്നാൽ പിന്നീട് കോൺഗ്രസും സി.പി.എമ്മും പഞ്ചായത്ത് ഭാരവാഹികളും വിഷയത്തിൽ ചർച്ചകൾ നടത്തിയിരുന്നു. ഈ തർക്കം ബാക്കി നിൽക്കെയാണ് ഇന്നലെ രാത്രി ജെ.സി.ബി ഉപയോഗിച്ച് ബസ് സ്റ്റോപ്പ് തകർത്തത്. വിഷയത്തിൽ വലിയ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്.

Back to top button