കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: നടപടികള്‍ ഒക്ടോബര്‍ 10ന് ആരംഭിക്കുമെന്ന് സൂചന.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ഈ മാസം ആരംഭിക്കുമെന്ന് സൂചന.

ഒക്ടോബര്‍ 10ന് നാമനിര്‍ദേശം നല്‍കാനുള്ള നടപടികള്‍ തുടങ്ങാന്‍ കോണ്‍ഗ്രസിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഒരുങ്ങുന്നതായാണ് സൂചന.

ഇതോടെ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നതിനുള്ള കളമൊരുങ്ങും.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ തുടങ്ങാന്‍ തെരഞ്ഞെടുപ്പ് സമിതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ സമ്മതം തേടിയിട്ടുണ്ട്.

സോണിയയുടെ സമ്മതം ലഭിച്ചാല്‍ വൈകാതെ നടപടികള്‍ തുടങ്ങും. രാഹുലിനു പുറമേ മറ്റാരെങ്കിലും പത്രിക സമര്‍പ്പിച്ചാല്‍ മാത്രമേ മത്സരം ഉണ്ടാവൂ.

മത്സരം നടക്കുകയാണെങ്കില്‍ ഒക്ടോബര്‍ 25നകം എല്ലാ നടപടികളും പൂര്‍ത്തിയാക്കി ഫലം പുറത്തുവിടണം.

 പുതുതായി രൂപീകരിച്ച പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഒരു പേര് മാത്രമേ നിര്‍ദ്ദേശിച്ചുള്ളു എങ്കില്‍ ഒക്ടോബര്‍ 25ന് മുന്‍പുതന്നെ നടപടികള്‍ പൂര്‍ത്തിയാകും.
ഇലക്ടറല്‍ കോളേജിന്‍റെ ഭാഗമായ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളോട് അവരുടെ നാമനിര്‍ദേശം ഒക്ടോബര്‍ 10 മുതല്‍ അതാത് സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലോ എഐസിസി ഓഫീസിലോ സമര്‍പ്പിക്കാനാകും നിര്‍ദേശിക്കുക. ഇതിന് 3 മുതല്‍ 5 ദിവസം വരെ സമയം നല്‍കും.

എല്ലാ സംസ്ഥാനങ്ങളിലെയും പ്രദേശ് റിട്ടേണിങ് ഓഫീസര്‍മാരുമായി തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാര്‍ മുല്ലപ്പള്ളി രാമചന്ദ്രനും അംഗങ്ങളായ മധുസൂദന്‍ മിസ്ത്രി, ഭുവനേശ്വര്‍ കാലിത എന്നിവരും ചൊവ്വാഴ്‍ച ചര്‍ച്ച നടത്തുന്നുണ്ട്. ഒക്ടോബര്‍ 10ന് മുന്‍പ് ഇലക്ടറല്‍ കോളേജ് സജ്ജമാണെന്ന് ഉറപ്പാക്കാനാണിത്.

1
Back to top button