സര്‍ക്കാര‍് ഡോക്ടര്‍മാര്‍ സമരം നടത്തിയതെന്തിന്?

സര്‍ക്കാര‍് ഡോക്ടര്‍മാര്‍ സമരം നടത്തിയതെന്തിന്?

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയുമായുള്ള ചര്‍ച്ചയോടെ നാലു ദിവസമായി സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം അവസാനിപ്പിക്കുന്നത് കുടുബാരോഗ്യ കേന്ദ്രങ്ങളിൽ അഞ്ച് ഡോക്ടര്‍മാര്‍ എന്ന സമരക്കാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാതെ. മൂന്നു ഡോക്ടർമാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ (എഫ്എച്ച്സി) വൈകിട്ട് ആറു വരെ ഒപി ആകാമെന്നാണ് കെജിഎംഒഎ അറിയിച്ചു. എന്നാൽ ഇത് സര്‍ക്കാരിന്‍റെ ആര്‍ദ്രം പദ്ധതിപ്രകാരം നേരത്തെ തന്നെ അംഗീകരിച്ചിട്ടുള്ളതുമാണ്. ഡോക്ടര്‍മാര്‍ അവധിയെടുക്കുമ്പോള്‍ പകരം സംവിധാനം ഒരുക്കാനും ചര്‍ച്ചയിൽ തീരുമാനമായിട്ടുണ്ട്.

‘ആർദ്രം’ പദ്ധതിയുമായി സർക്കാർ ഡോക്ടർമാർ സഹകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം, രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടായതിൽ അമര്‍ഷം പ്രകടിപ്പിച്ച മന്ത്രി മേലിൽ മുന്നറിയിപ്പില്ലാതെ സമരം ചെയ്യരുതെന്നും ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

ഡോക്ടര്‍മാര്‍ ലീവെടുക്കുന്ന ദിവസങ്ങളിൽ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ പ്രോഗ്രാം മാനേജറും നേതൃത്വം നല്‍കുന്ന റിസര്‍വ് ടീം ഉണ്ടാക്കും.

ഇതോടൊപ്പം രോഗികളുടെ വര്‍ധനവുള്ള കേന്ദ്രങ്ങളില്‍ ഘട്ടം ഘട്ടമായി അവശ്യമെങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരെ കൂടുതലുള്ള കേന്ദ്രങ്ങളില്‍നിന്നു പുനര്‍വിന്യസിക്കുന്ന കാര്യം ആലോചിക്കും. ഇക്കാര്യവും സര്‍ക്കാര്‍ മുന്‍കൂട്ടി കണ്ടിരുന്നു.

ആര്‍ദ്രം മിഷന്‍റെ ഭാഗമായ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രായോഗിക വിഷമതകള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് കെജിഎംഒഎ പ്രതിനിധികള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുകയും ചെയ്യും. മേയ് ആദ്യവാരം മന്ത്രിതല ചര്‍ച്ച നടത്തും.

ഒപി ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള രോഗീസൗഹൃദപദ്ധതിയാണ് ആര്‍ദ്രം ദൗത്യം. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളെ രോഗീ സൗഹൃദമാക്കി ഗുണമേന്മയുള്ള ആരോഗ്യ സേവനം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ഇതുവഴി ലക്ഷ്യം വയ്ക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയുട ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഒ.പി. സംവിധാനങ്ങളുടെ നവീകരണം, ജില്ലാ-താലൂക്കുതല ആശുപത്രികളുടെ നിലവാരം ഏകീകരണം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തല്‍, വികേന്ദ്രീകൃത ആസൂത്രണത്തിന്‍റെ ഭാഗമായി ആരോഗ്യ നിര്‍ണയ ഘടകങ്ങളുടെ പരിഹാരത്തിനും ആരോഗ്യ രംഗത്തെ ഫലപ്രദമായ ഇടപെടലിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കാനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ എന്നീ നാല് പ്രധാന ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ആര്‍ദ്രം പദ്ധതി.

Back to top button