നോണ്‍വെജിറ്റേറിയൻ വിഭവങ്ങളിൽ ഏറെ സ്വാദുള്ള ഒരു വിഭവമാണ് താറാവ് ഇറച്ചി.

നോണ്‍വെജിറ്റേറിയൻ വിഭവങ്ങളിൽ ഏറെ സ്വാദുള്ള

<p>നോണ്‍വെജിറ്റേറിയൻ വിഭവങ്ങളിൽ ഏറെ സ്വാദുള്ള ഒരു വിഭവമാണ് താറാവ് ഇറച്ചി. അൽപം സൂക്ഷ്മതയോടെ കൈകാര്യം ചെയ്താൽ രുചികരമായ താറാവിറച്ചി വിഭവം ആര്‍ക്കും തയ്യാറാക്കാം. താറാവിറച്ചി വൃത്തിയാക്കുന്നതിൽ അൽപം കൂടുതൽ ശ്രദ്ധ അനിവാര്യമാണ്. കാരണമെന്തെന്നാൽ അതിന്‍റെ തൂവലുകൾക്ക് വേര് കൂടുതലാണ്. അതിനാൽ തന്നെ അവ പൂര്‍ണമായും നീക്കം ചെയ്യുക എന്നത് അൽപം പണിപ്പെട്ട വിഷയമാണ് താനും. ഈ കടമ്പ അനായാസേന കടന്നുകഴിഞ്ഞാൽ പിന്നെ സംഭവം ഈസിയാണ്. ചിലര്‍ താറാവ് ഇറച്ചി തൊലിയോടെ ഉപയോഗിക്കാറുണ്ട്. അത്തരം വേളകളിലാണ് ഈ തൂവലിന്‍റെ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. തൂവലുകളുടെ അംശം പൂര്‍ണമായും നീക്കിയ ശേഷമേ താറാവ് കറിയ്ക്കായി ഉപയോഗിക്കാവൂ. ഒരു കിലോ താറാവിറച്ചിയാണ് നമ്മൾക്ക് കറി വെക്കാനുള്ളതെങ്കിൽ ഇതിനാവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും അവ എത്ര വീതം വേണമെന്നും നോക്കാം….</p>

ഒരു കിലോ താറാവിറച്ചി, രണ്ട് കപ്പ് തേങ്ങ, എട്ട് അല്ലി ഉള്ളി, നാല് സവോള, മൂന്ന് തക്കാളി, നാല് പച്ചമുളക്, അഞ്ച് വറ്റൽ മുളക്, ഒരു ടേബിൾസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂണ്‍ കുരുമുളക്, അര ടീസ്പൂണ്‍ മഞ്ഞൾപൊടി, രണ്ട്ടീസ്പൂണ്‍ മല്ലി, രണ്ട് തണ്ട് കറിവേപ്പില, രണ്ട് കഷ്ണം കറുവപ്പട്ട, നാല് ഗ്രാമ്പൂ, മൂന്ന് ഏലക്ക, ഒരു തക്കോലം, അര ടീസ്പൂണ്‍ പെരുംജീരകം, പിന്നെ അൽപം ഉപ്പ്, ആവശ്യത്തിന് വെളിച്ചെണ്ണ. ഇത്രയും ചേരുവകൾ റെഡിയാക്കി വെച്ചാൽ പിന്നെ പാചകത്തിലേക്ക് കടക്കാം.

ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന താറാവിനെ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി മാറ്റിവെയ്ക്കുക. ശേഷം അൽപം ഉപ്പും മഞ്ഞൾപൊടിയും രണ്ട് പച്ചമുളകും ഒരു സവോള ചെറുതായി അരിഞ്ഞതും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഒരു തണ്ട് കറിവേപ്പിലയും ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. അതിനു ശേഷം മറ്റൊരു ചീനച്ചട്ടിയിലേക്ക് അൽപം എണ്ണയൊഴിച്ച് കുറച്ച് ചുവന്നുള്ളിയും ഒരു തണ്ട് കറിവേപ്പിലയും വറ്റൽമുളകും മല്ലിയും കുരുമുളകും വറുക്കുക. ഇതിനൊപ്പം കറുവപ്പട്ട, ഗ്രാമ്പൂ, ഏലക്ക, തക്കോലം, പെരുംജീരകം,തേങ്ങ എന്നിവ കൂടി ചേര്‍ത്ത് നന്നായി വറുത്തുമാറ്റിവെക്കുക. ഇത് ചൂടാറിയ ശേഷം അൽപം വെള്ളം ചേര്‍ത്ത് അരച്ചെടുക്കാം.

അതിന് ശേഷം ചീനച്ചട്ടി അടുപ്പത്ത് വെച്ച് അൽപം വെളിച്ചെണ്ണയൊഴിച്ച് കറിയ്ക്കാവശ്യമായ അരിഞ്ഞു വെച്ചിരിക്കുന്ന സവോള അതിലേക്കിട്ട് വഴറ്റുക. അൽപം ഉപ്പ് ചേ‍ര്‍ത്താൽ സവോള പെട്ടെന്ന് വഴന്ന് കിട്ടും. ഇതിലേക്ക് രണ്ട് പച്ചമുളക് കീറിയിട്ട് വഴറ്റൽ തുടരുക. സവോള ചെറിയ ബ്രൗണ്‍ നിറത്തിലേക്ക് മാറുമ്പോൾ അരിഞ്ഞ് മാറ്റിവെച്ചിരിക്കുന്ന തക്കാളി കൂടി ചേര്‍ക്കാം. തക്കാളി വെന്തുടഞ്ഞതിന് ശേഷം ഇതിലേക്ക് തേങ്ങ അരപ്പ് ചേര്‍ക്കാം. അൽപം വെള്ളവും അൽപം ഉപ്പും ചേര്‍ത്ത് നന്നായി തിളച്ച് അരപ്പിന്‍റെ പച്ചമണം മാറി എന്ന് തോന്നുമ്പോൾ അതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന താറാവിറച്ചി ചേര്‍ത്തിളക്കുക. അൽപനേരത്തിന് ശേഷം അത് മൂടിവെച്ച് വേവിക്കാൻ തുടങ്ങാം. ചാറു നന്നായി കുറുകി പാകമാകുമ്പോൾ മുകളിൽ എണ്ണ തെളിഞ്ഞുവരും. അപ്പോൾ തീ അണയ്ക്കാവുന്നതാണ്. രുചികരമായ കോട്ടയം സ്റ്റൈൽ തനി നാടൻ താറാവ് കറി ഇതാ റെഡി…

 <p>ഒരു കാര്യം പ്രത്യേകം പറയട്ടെ താറാവൊക്കെ ഇരുമ്പിന്‍റെ ചീനച്ചട്ടിയിൽ നല്ല വിറകടുപ്പിൽ കറിവെച്ചു കഴിക്കുന്നതിന്‍റെ രുചി ഒന്ന് വേറെ തന്നെയാണ് കേട്ടോ… അപ്പോ അതിനുള്ള സൗകര്യം നിങ്ങൾക്ക് ലഭ്യമാണെങ്കിൽ അടുപ്പത്ത് തന്നെ താറാവ് കറി വെക്കാൻ ശ്രമിക്കണേ….</>
1
Back to top button