ആത്മീയം (Spirituality)

മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന് പ്രത്യേക സ്വീകരണവും പ്രാ‍ർത്ഥനയും.

കൊച്ചി: മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ ഐഎസ്ഐഎസ് ഭീകരര്‍ ദുഃഖ വെള്ളി ദിവസം കുരിശില്‍ തറച്ചെന്ന് ഓസ്ട്രിയന്‍ കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോന്‍ബോണ്‍ കഴിഞ്ഞ മാർച്ചിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ അത്തരത്തിൽ വന്ന വാർത്ത തെറ്റാണെന്ന് യെമനിൽ ഭീകരരുടെ തടവറയിൽ നിന്ന് രക്ഷപ്പെട്ടെത്തിയ ഫാ.ടോം ഉഴുന്നാലിൽ. അങ്ങനെയൊരു സംഭവത്തെ പറ്റി അറിയില്ലെന്നും അങ്ങനെ തന്നെ തറയ്ക്കുന്നതിനായി ഒരു കുരിശ് ഒരുക്കിയോ എന്നുപോലും അറിയില്ലെന്നും കൊച്ചിയിൽ എറണാകുളം രൂപതാ ബിഷപ്സ് ഹൗസിൽ നടന്ന പത്ര സമ്മേനത്തിൽ അദ്ദേഹം പറഞ്ഞു.

എറണാകുളം സെന്റ്.മേരീസ് ബസിലിക്കയിൽ അച്ചനുവേണ്ടി പ്രത്യേക സ്വീകരണവും എറണാകുളം രൂപത ഒരുക്കിയിരുന്നു.

ദൈവത്തിിന് നന്ദിയെന്നും നിങ്ങളുടെ പ്രാ‍ര്‍ത്ഥനയ്ക്കും ത്യാഗത്തിനും നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അച്ചനുവേണ്ടി പരി.മാതാവിന്റെ പ്രത്യേക ഛായാചിത്രവും അതിരൂപതയുടെ ഉപഹാരമായി നൽകി. ഏവരും നമ്മുടെ ദൗത്യം മനസ്സിലാക്കാനായി ചെവിയോർക്കണം.

എനിക്ക് സംഭവിച്ചതുപോലെ നിങ്ങൾക്കൊന്നും സംഭവിക്കില്ല. എങ്കിലും സംഭവിച്ചാൽ നേരിടാൻ ധൈര്യമുണ്ടാകണം. ലോകം മുഴുവൻ വിശ്വാസികൾ, ഇതരമതസ്ഥർ പ്രാർത്ഥിച്ചതിന്‍റെ ഫലമാണ് എന്‍റെ മോചനം. വീടിനുസമീപം രാമപുരത്തെ അമ്പലത്തിൽ ഹിന്ദു സഹോദരുടെ പൂജ എനിക്കുവേണ്ടി നടത്തിയതായി വീട്ടുകാര്‍ പറഞ്ഞു.

ഈരാറ്റുപേട്ടയിലെ മുസ്ലീം സഹോദരരും പ്രാർത്ഥിച്ചതായി അറിഞ്ഞു. നിങ്ങളുടെയൊക്കെ പ്രാ‍ർത്ഥനയുടെ ഫലമായിട്ടായിരിക്കും അവരെന്നെ ഉപദ്രവിക്കാതെ വിട്ടയച്ചത്. എനിക്ക് കൈപൊക്കാം…നടക്കാം…ഓടാം…

ദൈവം ഉത്തരം നൽകുന്നത് നമ്മുടെ സമയത്തായിരിക്കില്ല എന്നതാണ് വലിയ കാര്യം. ഇങ്ങനെ സംഭവിച്ചില്ലെങ്കിൽ നിങ്ങളെ എനിക്ക് കാണാനാകുമായിരുന്നില്ലെന്ന് തോന്നുന്നു.

തന്റെ പ്രാർത്ഥനയും ആശി‍ർവാദവും വിശ്വാസികൾക്കെല്ലാം നൽകാമെന്നും ഇപ്പോൾ എല്ലാവരും കൂടി വന്ന് ആശീർവാദം മേടിക്കാൻ നിന്നാൽ എന്നെ ആശുപത്രിയിലാക്കേണ്ടിവരുമെന്നും അദ്ദേഹം നന്ദി പ്രകടനത്തിനിടയിൽ പറഞ്ഞു.

ഇനിയും യെമനിലേക്ക് ദൗത്യം ഏൽപിച്ചാൽ പോകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരോട് ഭീകരർക്കൊരു ബഹുമാനമുണ്ടെന്നാണ് തന്‍റെ 557 ദിവസത്തെ ഏകാന്തവാസത്തോടെ മനസ്സിലായത്.

എല്ലാവരുടേയും കൂട്ടായ പരിശ്രമമാണ് എന്നെ വിമോചിപ്പിച്ചത്. ഐ.എസിൽ ഇന്ത്യക്കാരോ മലയാളികളോ ഉള്ളതായി അറിയില്ല.

2016 മാര്‍ച്ച് 5നാണ് ഭീകരരുടെ പിടിയിലായത്. 18 മാസം പുറം രാജ്യമായി ബന്ധമുണ്ടായിരുന്നില്ല. വെന്‍റിലേഷൻ ഉള്ള കൊച്ചുമുറിയിലായിരുന്നു പാർപ്പിച്ചത്.

സ്പോഞ്ച് കിടക്ക തന്നിരുന്നു. ഇരിക്കാനും കിടക്കാനും അതായിരുന്നു ഉള്ളത്. അവരുടെ പിടിയിലാകുന്നതിന് മുമ്പ് 82 കിലോ ആയിരുന്നു.

ഇപ്പോള്‍ 55 കിലോയായി കുറഞ്ഞിട്ടുണ്ട്. പനി വന്നപ്പോഴും ഷുഗറിനുമൊക്കെ അവർ മരുന്ന് തന്നു. അവര്‍ അറബിക് ആണ് സംസാരിച്ചിരുന്നത്.

എനിക്ക് മനസ്സിലായില്ല. പക്ഷേ ഞാൻ ഇംഗ്ലീഷ് പറഞ്ഞത് അവർക്ക് മനസ്സിലായി. ഏകാന്തവാസത്തിലായിരുന്നു. പക്ഷേ പ്രതീക്ഷ കൈവിട്ടില്ല.

ഹൃദയത്തിൽ കുർബ്ബാനചൊല്ലി. ജപമാലചൊല്ലി. ഒറ്റയ്ക്ക് പാടി. പ്രാർത്ഥന ചൊല്ലി. നിരവധിപേര് എനിക്കായി പ്രാര്‍ത്ഥിക്കുമെന്ന് ഉറപ്പായിരുന്നു.

ഇതെല്ലാം കൂടുതൽ ദൈവത്തിലേക്ക് അടുപ്പിച്ചു. കൊല്ലപ്പെട്ട കന്യാസ്ത്രീകൾ കൂടി സ്വര്‍ഗ്ഗത്തിലെത്തി എനിക്കായി പ്രാർത്ഥിച്ചുവെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Tags

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു