സംസ്ഥാനം (State)

സ്വാതന്ത്ര്യ സമരസേനാനി കെ.ഇ.മാമ്മൻ അന്തരിച്ചു.

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായ കെ.ഇ.മാമ്മൻ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. നെയ്യാറ്റിങ്കരയിലുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 97 വയസായിരുന്നു മാമ്മന്. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കാളിയായിരുന്ന മാമ്മൻ സർ സിപിക്കെതിരായ പോരാട്ടത്തിലും പങ്കാളിയായിരുന്നു.

സർ സിപി എന്ന ജന്തുവിനെ നമുക്ക് ആവശ്യമില്ല എന്ന സി കേശവൻ കോഴഞ്ചേരിയിൽ നടത്തിയ ആഹ്വാനം ഏറ്റെടുത്ത മാമ്മൻ പഠനം ഉപേക്ഷിച്ച് ദേശീയ പ്രസ്ഥാനത്തിലേക്കും തദ്ദേശീയ പ്രക്ഷോഭങ്ങളിലേക്കും കടക്കുകയായിരുന്നു. തനിക്കെതിരെ പ്രക്ഷോഭം നടത്തിയതിന് യുവാവായ മാമ്മനെ സർ സിപി ജയിലിലടച്ചു. വാർധക്യത്തിലും മദ്യ വിരുദ്ധ പ്രസ്ഥാനങ്ങളിൽ ശക്തമായ സാന്നിധ്യമായിരുന്നു കെ.ഇ.മാമ്മൻ.

കോൺഗ്രസിൽ അൽപമെങ്കിലും കെ.ഇ.മാമ്മൻ അനുകൂലിച്ചത് വിഎം സുധീരനെയായിരുന്നു. ഏത് രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും അദ്ദേഹം യാതൊരു മടിയും കൂടാതെ നിശിതമായി വിമർശിച്ചിരുന്നു.
ഗാന്ധിയോടൊപ്പം പ്രക്ഷോഭങ്ങളിൽ നേരിട്ട് പങ്കെടുത്ത് ഇത് വരെയും ഗാന്ധിയൻ ആദർശങ്ങൾ പിന്തുടർന്നവരിൽ അവസാനത്തെ ആൾ കൂടിയായിരുന്നു കെ.ഇ.മാമ്മൻ. തലസ്ഥാനത്ത് നിരവധി ഒറ്റയാൾ സമരങ്ങൾ കെ.ഇ.മാമ്മൻ നടത്തിയിരുന്നു.

Back to top button