ദേശീയം (National)

കടം അടച്ചു തീർത്തില്ലെങ്കിൽ ഇന്ധന വിതരണം നിർത്തും; എയർ ഇന്ത്യക്ക് എണ്ണക്കമ്പനികളുടെ അന്ത്യശാസനം

ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളാണ് എയർ ഇന്ത്യക്ക് അന്ത്യശാസനം നൽകിയത്

ദില്ലി: കുടിശ്ശികയിനത്തിൽ ഇന്ധനക്കമ്പനികൾക്ക് നൽകാനുള്ള പണം പ്രതിമാസം അടച്ചു തീർക്കാൻ തീരുമാനിച്ചില്ലെങ്കിൽ ഒക്ടോബർ 18നുള്ളിൽ ഇന്ധന വിതരണം നിർത്തുമെന്ന് എണ്ണക്കമ്പനികളുടെ അന്ത്യശാസനം. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ കമ്പനികളാണ് എയർ ഇന്ത്യക്ക് അന്ത്യശാസനം നൽകിയത്. കൊച്ചി, മൊഹാലി, പുണെ, പട്ന, റാഞ്ചി, വിശാഖപ്പട്ടണം വിമാനത്താവളങ്ങളിലാണ് ഓയിൽ കമ്പനികൾ ഇന്ധന വിതരണം നിർത്തുന്നത്.

ആറ് വിമാനത്താവളങ്ങളിലായി 5000 കോടിയിലേറെ രൂപയാണ് എയർ ഇന്ത്യ എണ്ണക്കമ്പനികൾക്ക് നൽകാനുള്ളത്. കഴിഞ്ഞ പത്ത് മാസമായി ഇന്ത്യൻ ഓയിൽ കോർപറേഷനടക്കമുള്ള കമ്പനികൾക്ക് കൊച്ചിയടക്കമുള്ള ആറ് വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ ഇന്ധനം വാങ്ങിയ പണം നൽകിയിട്ടില്ല. ഈ വിമാനത്താവളങ്ങളിൽ പ്രതിദിനം 250 കിലോ ലിറ്റർ ഇന്ധനമാണ് എയർ ഇന്ത്യ ഉപയോഗിക്കുന്നത്.

പലിശ സഹിതമാണ് ഇത്രയും കുടിശ്ശികയായത്. പെട്രോളിയം കമ്പനികളിൽനിന്ന് ഇന്ധനം വാങ്ങിയാൽ മൂന്ന് മാസത്തിനകം പണം നൽകണമെന്നാണ് കരാർ. 5000 കോടി കുടിശ്ശികയിലേക്ക് ഇപ്പോൾ വെറും 60 കോടി നൽകാമെന്നാണ് എയർ ഇന്ത്യ അധികൃതർ അറിയിച്ചത്. 58000 കോടി രൂപയാണ് എയർ ഇന്ത്യയുടെ മൊത്തം കടം.

Tags
Back to top button