സംസ്ഥാനം (State)

സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകൾക്ക് സ്വയംഭരണാവകാശം നൽകാൻ സർക്കാർ നീക്കം.

കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചാണ് സി.പി.ഐഎമ്മിന്റേയും ഇടത് സർക്കാരിന്റേയും നയത്തിന് എതിരായ നടപടി.

സംസ്ഥാനത്തെ അഞ്ച് സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകൾക്ക് സ്വയംഭരണാവകാശം നൽകാൻ സർക്കാർ നീക്കം. കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചാണ് സി.പി.ഐ.എമ്മിന്റേയും ഇടത് സർക്കാരിന്റേയും നയത്തിന് എതിരായ നടപടി. ഇതോടൊപ്പം 15 എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളജുകൾക്കും സ്വയംഭരണാവകാശം നൽകാൻ നീക്കം തുടങ്ങി.

അഞ്ച് സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകൾക്കും 12 എയ്ഡഡ് കോളജുകൾക്കും സ്വയംഭരണാധികാരം നൽകാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് നീക്കം തുടങ്ങിയത്. രാജഗിരി, അമൽജ്യോതി, സെന്റ് ഗിറ്റ്സ്, എസ്.സി.എം.എസ്, ഫിസാറ്റ്, സഹൃദയ എന്നീ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകൾക്ക് സ്വയംഭരണാധികാരം നൽകാനാണ് നീക്കം. ഇതിനായി ഇവർ നൽകിയ അപേക്ഷയിൽ തുടർനടപടി സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഇതിന് പുറമെ 12 എയ്ഡഡ് ആർട് ആന്റ് സയൻസ് കോളജുകൾക്ക് കൂടി സ്വയംഭരണാധികാരം നൽകാനും നടപടി തുടങ്ങി.

സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകൾക്ക് സ്വയംഭരണാധികാരം നൽകുന്നതോടെ ഫീസ്, കരിക്കുലം, പ്രവേശനം, ജീവനക്കാരുടെ ശമ്പളം എന്നിവയിൽ തീരുമാനമെടുക്കാൻ മാനേജ്മെന്റുകൾക്ക് കഴിയും. സംസ്ഥാന സർക്കാരിന് കാര്യമായ നിയന്ത്രണങ്ങളുമില്ലാതെയാകും. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കോളജുകൾക്ക് സ്വയംഭരണാധികാരം നൽകാൻ നടപടി തുടങ്ങിയപ്പോൾ ശക്തമായ എതിർപ്പും പ്രക്ഷോഭവുമാണ് സി.പി.ഐ.എമ്മും എൽ.ഡി.എഫും നടത്തിയത്. തുടർന്നുവന്ന ഇടതുസർക്കാർ കോളജുകൾക്ക് സ്വയംഭരണാവകാശം നൽകില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇടത് സർക്കാർ അധികാരത്തിൽ വന്നശേഷവും ഇതിനുള്ള നീക്കമുണ്ടായെങ്കിലും ഇടത് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ ഉൾപ്പെടെയുള്ളവയുടെ എതിർപ്പ് കാരണം ഇതു നടന്നില്ല.

ഇതിനിടയിലാണ് 2032 ഓടെ എല്ലാ കോളജുകൾക്കും സ്വയംഭരണാധികാരം നൽകണമെന്ന വ്യവസ്ഥയോടെ കേന്ദ്രം വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത്. ഇതോടെയാണ് സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകൾക്കുൾപ്പെടെ സ്വയംഭരണാധികാരം നൽകാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് നീക്കം തുടങ്ങിയത്.

Tags
Back to top button