സംസ്ഥാനം (State)

കേരളത്തില്‍ ശക്തമായ മഴ രണ്ടുദിവസംകൂടി തുടരാന്‍ സാധ്യത.

തിരുവനന്തപുരം: സംസ്ഥാനത്ത് ഏതാനും ദിവസമായി തുടരുന്ന ശക്തമായ മഴ രണ്ടുദിവസംകൂടി തുടരാന്‍ സാധ്യത.

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ക്കൂടി മഴ തുടരാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ പ്രവചനത്തെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

ഉരുള്‍പൊട്ടല്‍ അനുഭവപ്പെടുന്ന മേഖല, മലയോരപ്രദേശങ്ങള്‍, നദികളുടെ സമീപപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അഗ്നിശമന സേനയോടും ദുരന്തനിവാരണ സേനയോടും തയ്യാറായിരിക്കാന്‍ ആവശ്യപ്പെട്ടു.

മലയോരപ്രദേശങ്ങളില്‍ രാത്രികാല യാത്ര നിരോധിച്ചു.
കനത്ത മഴ തുടരുന്നതിനിടെ കണ്ണൂരില്‍ രണ്ടുപേര്‍ മരിച്ചു. മാട്ടൂൽ മടക്കരയിൽ ഓട്ടക്കണ്ണൻ മുഹമ്മദ് കുഞ്ഞി (58), ഇതരസംസ്ഥാന തൊഴിലാളി കർണാടക ജാഗിരി സ്വദേശി ക്രിസ്തുരാജ് (20) എന്നിവരാണ് മരിച്ചത്. തെങ്ങു വീണാണ് മുഹമ്മദ് കുഞ്ഞി മരിച്ചത്. ക്വാറിയിലെ വെള്ളക്കെട്ട് നീക്കം ചെയ്യുമ്പോള്‍ പാറ വീണാണ് ക്രിസ്‍തുരാജ് മരിച്ചത്. അഞ്ചു വര്‍ഷത്തിനിടെ കേരളത്തില്‍ ഉണ്ടായ ഏറ്റവും ശക്തമായ മഴയാണ് ഈ സീസണില്‍ ലഭിച്ചത്.

ഞായറാഴ്‍ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറില്‍ 79 മില്ലീ മീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിച്ചത്. ഒഡീഷയുടെയും കര്‍ണാടകയുടെയും തീരത്ത് രൂപംകൊണ്ട അന്തരീക്ഷച്ചുഴികളും മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ രൂപംകൊണ്ട ന്യൂനമര്‍ദ്ദ പാത്തിയുമാണ് അപ്രതീക്ഷിതമായ കനത്ത മഴ ലഭിക്കാന്‍ കാരണം.

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ മൂന്നാറിലേക്കുള്ള ഗതാഗാതം നിരോധിച്ചിരിക്കുകയാണ്.

Back to top button