ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മലയോര മേഖലകളിലുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തുലാവർഷം ശക്തിയാർജിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലയോര മേഖലകളിൽ മഴ കനക്കുകയാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകുന്നേരം 10 മണി വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു. മഴ കനക്കുന്നതിനാൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും ജാഗ്രത പുലർത്തണം. കൺട്രോൾ റൂം, താലൂക്ക് അടിസ്ഥാനത്തിൽ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മലയോരമേഖലകളിലേക്കുള്ള രാത്രി യാത്രകൾ ഒഴിവാക്കണം.

മണിക്കൂറിൽ പരമാവധി 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും മത്സ്യ ബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.

Back to top button