കനത്ത മഴ: വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി

പേപ്പാറ ഡാം, അരുവിക്കര ഡാം, നെയ്യാർ ഡാം എന്നീ ഡാമുകളുടെയാണ് ഷട്ടർ ഉയർത്തിയത്

നീരൊഴുക്ക് ശക്തമായതിനാൽ പേപ്പാറ ഡാമിന്റെ രണ്ടു ഷട്ടറുകൾ അഞ്ചു സെന്റി മീറ്റർ വീതം ഉയർത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 120 സെന്റി മീറ്റർ ഉയർത്തിയിട്ടുണ്ട്. നീരൊഴുക്ക് തുടരുന്നതു കണക്കിലെടുത്ത് അൽപ്പ സമയത്തിന് ശേഷം 60 സെന്റി മീറ്റർ കൂടി ഉയർത്തുമെന്നും അധികൃതർ അറിയിച്ചു.

നെയ്യാർ ഡാമിന്റെ ഷട്ടറുകൾ 12 ഇഞ്ച് ഉയർത്തിയിട്ടുണ്ട്. നെയ്യാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ആറ് ജില്ലകളിലായിരുന്നു അലേർട്ടെങ്കിൽ നിലവിലത് 12 ജില്ലകളിൽ ആക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേർട്ട്. കണ്ണൂരും കാസർഗോഡും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ 13 ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റന്നാൾ (ഒക്ടോബർ 23ന്) പത്ത് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേർട്ട്.

Back to top button