കുറ്റകൃത്യം (Crime)

ടിക്ടോക്ക് ഭ്രമമെന്ന കാരണം ചൂണ്ടിക്കാട്ടി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.

ഭാര്യ ടിക്ടോക്കിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് വിലക്കിയിട്ടും അത് തുടർന്നതു കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പറഞ്ഞു.

ടിക്ടോക്ക് ഭ്രമമെന്ന കാരണം ചൂണ്ടിക്കാട്ടി ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലാണ് സംഭവം നടന്നത്. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തയ്യൽ തൊഴിലാളിയായ ചിന്നപ്പാച്ചു (35) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ ഭാര്യ ഫാത്തിമ (30)യാണ് കൊല്ലപ്പെട്ടത്. ഭാര്യ ടിക്ടോക്കിൽ വീഡിയോകൾ പോസ്റ്റ് ചെയ്യുമായിരുന്നുവെന്നും ഒരുപാട് തവണ വിലക്കിയിട്ടും അവർ അത് തുടർന്നതു കൊണ്ടാണ് താൻ കൊലപ്പെടുത്തിയതെന്നും പാച്ചു പോലീസിനു മൊഴി നൽകി.

വീട്ടിനുള്ളിൽ സാരിയിൽ തൂങ്ങിയ നിലയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടത്. ആത്മഹത്യയെന്ന പ്രാഥമിക നിഗമനം പോലീസിനുണ്ടായിരുന്നുവെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഈ നിഗമനം തിരുത്തി. സാരിയോടൊപ്പം മറ്റെന്തോ വസ്തു കൂടി കഴുത്തിൽ അമർന്നിട്ടുണ്ടെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അയൽവാസികളെ ചോദ്യം ചെയ്തപ്പോൾ ടിക്ടോക്ക് വീഡിയോകളുടെ പേരിൽ ഇരുവരും തല്ലു കൂടാറുണ്ടായിരുന്നുവെന്ന് പോലീസിനു വിവരം ലഭിച്ചു. തുടർന്ന് പാച്ചുവിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

കൊലപ്പെടുത്തിയ ശേഷം താൻ സാരിയിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് ഇയാൾ പോലീസിനോട് വിശദീകരിച്ചു.

Tags
Back to top button