സംസ്ഥാനം (State)

ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കണമെന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി

പ്ലാസ്റ്റിക് നിരോധനം നിലവിലുള്ള സന്നിധാനത്ത് ഇരുമുടിയിൽ പ്ലാസ്റ്റികിൽ പൊതിഞ്ഞ വസ്തുക്കൾ കൊണ്ടുവരുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ.

ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കി ഹൈക്കോടതി. ഉത്തരവ് നടപ്പാക്കണമെന്ന് ദേവസ്വം ബോർഡുകൾക്ക് നിർദേശം നൽകി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

പ്ലാസ്റ്റിക് നിരോധനം നിലവിലുള്ള സന്നിധാനത്ത് ഇരുമുടിയിൽ പ്ലാസ്റ്റികിൽ പൊതിഞ്ഞ വസ്തുക്കൾ കൊണ്ടുവരുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ. ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കിയ കോടതി ഉത്തരവ് നടപ്പാക്കാൻ വിവിധ ദേവസ്വം ബോർഡുകളോട് ആവശ്യപ്പെട്ടു. തിരുവിതാംകൂർ, കൊച്ചി, മലബാർ, കൂടൽമാണിക്യം, ഗുരുവായൂർ ദേവസ്വങ്ങൾക്കാണ് കോടതി നിർദ്ദേശം നൽകിയത്.

ഭക്തർ ഇരുമുടിയിൽ നിറയ്ക്കുന്ന പൂജാദ്രവ്യങ്ങൾ പലതും പ്ലാസ്റ്റികിൽ പൊതിഞ്ഞാണ് എത്തിക്കുന്നത്. ചെറിയ കർപ്പൂര പായ്ക്കറ്റ് മുതൽ പനിനീർ കുപ്പികൾ വരെ ഇതിൽ പെടും. ഇവയെല്ലാം തന്നെ അതേപടി സന്നിധാനത്ത് പലയിടത്തായി നിക്ഷേപിക്കാറാണ് പതിവ്. കൊടും കാടിന് നടുവിലാണ് സന്നിധാനവും ശരണപാതയും എന്നതിനാൽ പ്രകൃതിയുടെയും പൂങ്കാവനത്തിലെ ജീവജാലങ്ങളുടെയും നാശത്തിന് ഇത് കാരണമായിരുന്നു. പുണ്യം പൂങ്കാവനം പോലുള്ള പദ്ധതികളിലൂടെ ദേവസ്വവും മറ്റ് സർക്കാർ വകുപ്പുകളും പ്ലാസ്റ്റികിനെതിരെ ഭക്തരെ ബോധവത്കരിക്കുന്നുണ്ട്.

Tags
Back to top button