സംസ്ഥാനം (State)

പാലാരിവട്ടം മേൽപാലം പൊളിച്ചു പണിയാനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടി.

പാലം പൊളിക്കുന്നതിന് മുൻപ് ബലം ഉറപ്പാക്കാനുള്ള ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി

പാലാരിവട്ടം മേൽപാലം പൊളിച്ചു പണിയാനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടി. പാലം പൊളിക്കുന്നതിന് മുൻപ് ബലം ഉറപ്പാക്കാനുള്ള ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനകം ഭാരപരിശോധന നടത്തി റിപ്പോർട്ട് നൽകണം. പാലം നിർമാണക്കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട്സ് അടക്കം 5 പേർ നൽകിയ ഹർജികളിലാണ് കോടതി ഉത്തരവ്. പരിശോധനയ്ക്കുള്ള ചിലവ് ആർ.ഡി.എസ് കമ്പനി വഹിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ഭാരപരിശോധന നടത്താതെ പാലാരിവട്ടം മേൽപ്പാലം പൊളിക്കാനുള്ള തീരുമാനം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. വിദഗ്ധോപദേശം പരിഗണിച്ചാണ് പാലം പൊളിക്കാൻ തീരുമാനിച്ചതെന്നായിരുന്നു സർക്കാർ വാദം. ഭാരപരിശോധന നടത്താനാവാത്ത തരത്തിൽ മേൽപ്പാലത്തിൽ വിള്ളലുകളുണ്ടെന്ന് സർക്കാർ വാദിച്ചു. ഈ സാഹചര്യത്തിലാണ് വിദഗ്ധോപദേശം കണക്കിലെടുത്ത് പൊളിച്ചു പണിയാൻ തീരുമാനിച്ചത്. ഇ ശ്രീധരനെയാണ് ഇതിനായി നിയോഗിച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

എന്നാൽ മേൽപ്പാലത്തിന്റെ ബലക്ഷയം വിലയിരുത്താതെയാണ് തിടുക്കത്തിൽ പൊളിച്ചു പണിയാൻ സർക്കാർ തീരുമാനിച്ചതെന്ന് ഹർജിക്കാർ വാദിച്ചു. ഇത് നിലവിലുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ അംഗീകരിച്ച കോടതി മൂന്ന് മാസത്തിനകം ഭാര പരിശോധന നടത്തി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ ഉത്തരവിട്ടു.

ശാസ്ത്രീയ പരിശോധന അനിവാര്യമാണ്. പരിശോധന നടത്തനുള്ള ഏജൻസിയെ സർക്കാരിന് തീരുമാനിക്കാം. ഇതിനുള്ള ചിലവ് നിർമാണക്കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട്സിൽ നിന്ന് ഈടാക്കണം. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

Tags
Back to top button