സംസ്ഥാനം (State)

വാഹനാപകടങ്ങളുടെ കാരണം കണ്ടെത്താൻ പൊതുഗതാഗത വാഹനങ്ങളിൽ ഡാഷ് ക്യാമറ സ്ഥാപിക്കണമെന്ന് ഹൈക്കോടതി

ക്യാമറ സ്ഥാപിക്കുന്ന കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു

വാഹനാപകടങ്ങളുടെ കാരണം കണ്ടെത്താൻ പൊതുഗതാഗത വാഹനങ്ങളിൽ ഡാഷ് ക്യാമറ സ്ഥാപിക്കണമെന്ന് ഹൈക്കോടതി. ഡാഷ് ക്യാമറ സ്ഥാപിച്ചാൽ വാഹനാപകടങ്ങളുടെ ഉത്തരവാദികൾക്ക് രക്ഷപ്പെടാനാകില്ല. വാഹനമോടിക്കുന്നവരുടെ ഡ്രൈവിംഗ് ശീലങ്ങളും മറ്റും നിരീക്ഷിക്കാനും അശ്രദ്ധമായ ഡ്രൈവിംഗ് തടയാനുമുള്ള സംവിധാനം വേണമെന്നും കോടതി നിർദേശിച്ചു.

കഴിഞ്ഞ വർഷം അപകടങ്ങളിൽ 4,200 പേരാണ് മരിച്ചത്. 31,000 പേർക്ക് പരിക്കേറ്റു. അതിനാൽ തന്നെ ക്യാമറ സ്ഥാപിക്കുന്ന കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കോഴിക്കോട് പേരാമ്പ്രയിൽ ബസിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ബസ് ഡ്രൈവറുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ നിർദേശം.

വാഹനത്തിനു പുറത്തെ ദൃശ്യങ്ങൾ വീഡിയോ ആയി പകർത്താൻ സ്ഥാപിക്കുന്ന ക്യാമറകളെയാണ് ഡാഷ് ക്യാമറകൾ എന്നു പറയുന്നത്. വാഹനത്തിനു മുന്നിലോ ഡാഷ് ബോർഡിലോ ഘടിപ്പിക്കാവുന്നവയാണ് ഇവ. യൂറോപ്യൻ രാജ്യങ്ങളിൽ ഡാഷ് ക്യാമറ നിർബന്ധമാണ്.

Tags
Back to top button