ഹണിപ്രീത് ഇൻസാൻ തിങ്കളാഴ്ച ഡൽഹിയിൽ ഉണ്ടായിരുന്നെന്ന് അഭിഭാഷകൻ പ്രദീപ് ആര്യ.

ന്യൂഡൽഹി: ബലാൽസംഗക്കേസിൽ ജയിലിൽ കഴിയുന്ന ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിൻ്റെ ദത്തുപുത്രി ഹണിപ്രീത് ഇൻസാൻ തിങ്കളാഴ്ച ഡൽഹിയിൽ ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ.

ഹണിപ്രീതിൻ്റെ അഭിഭാഷകൻ പ്രദീപ് ആര്യ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മുൻകൂർ ജാമ്യാപേക്ഷയിൽ ഒപ്പിടുന്നതിനു വേണ്ടിയാണ് ഹണിപ്രീത് എത്തിയതെന്നും അഭിഭാഷകൻ വ്യക്തമാക്കി.

ഹണിപ്രീതിനായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് ഡൽഹിയിൽ എത്തി മുൻകൂർ ജാമ്യാപേക്ഷയിൽ ഒപ്പിട്ട് ഹണിപ്രീത് മടങ്ങിയിരിക്കുന്നത്.

തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ഡൽഹിയിലെ ലജ്പത് നഗറിലുള്ള ഓഫീസിലാണ് ഹണിപ്രീത് എത്തിയതെന്ന് അഭിഭാഷകൻ വ്യക്തമാക്കി.

അതേസമയം, ഇന്ന് ഡൽഹി ഹൈക്കോടതിയിൽ ഹണിപ്രീതിൻ്റെ ജാമ്യാപേക്ഷ സമർപ്പിക്കും. അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജാമ്യഹർജി അപേക്ഷിക്കുകയെന്നും അഭിഭാഷകൻ വ്യക്തമാക്കി.

സെപ്റ്റംബർ 18ന് ആയിരുന്നു ഹണിപ്രീതിനെ ഹരിയാന പൊലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചത്. 151, 152, 153, 120ബി, 121എ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഹണിപ്രീതിനെതിരെ കേസ് എടുത്തിരിക്കുന്നത്.

Back to top button