ദേശീയം (National)

മഹായ്ക്ക് പിന്നാലെ എത്തിയ ബുൾബുൾ ചുഴലിക്കാറ്റ് പശ്ചിമബംഗാൾ തീരത്ത് നാശം വിതയ്ക്കുന്നു.

മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്

മഹായ്ക്ക് പിന്നാലെ എത്തിയ ബുൾബുൾ ചുഴലിക്കാറ്റ് പശ്ചിമബംഗാൾ തീരത്ത് നാശം വിതയ്ക്കുന്നു. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നിട്ടുണ്ട്.

കൊൽക്കത്തയിൽ കനത്ത കാറ്റിൽ മരം കടപുഴകി വീണ് കൊൽക്കത്ത ക്രിക്കറ്റ് ആൻഡ് ഫുട്ബോൾ ക്ലബിന്റെ ഷെഫ് മരിച്ചു. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളം ഇന്നു വൈകുന്നേരം ആറുവരെ അടച്ചിട്ടിരിക്കുകയാണ്. മഴയെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്നും കൺട്രോൾ റൂമുകൾ ആരംഭിച്ചതായും എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. വിശാഖപട്ടണത്ത് മൂന്ന് കപ്പലുകളിലായി അവശ്യസാധനങ്ങൾ ശേഖരിച്ചിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളിലേക്ക് ഇവ എത്തിക്കും.

കനത്ത കാറ്റും മഴയും തുടരുന്നതിനാൽ നിരവധിയാളുകളെ സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ്, ഓറഞ്ച് അലേർട്ടുകൾ എവിടെയുമില്ല. യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഏഴ് സെന്റീമീറ്റർ വരെ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വടക്ക് ബംഗാൾ ഉൾക്കടലിലും ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. എന്നാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.

Tags
Back to top button