ദേശീയം (National)

ക്യാർ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ചു; മഹാരാഷ്ട്ര, ഗോവ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതാനിർദ്ദേശം

മഹാരാഷ്ട്ര തീരത്തോട് ചേർന്ന് അറബിക്കടലിലാണ് ക്യാർ ചുഴലിക്കാറ്റ് രൂപം കൊണ്ടത്

മുംബൈ: മഹാരാഷ്ട്ര തീരത്തോട് ചേർന്ന് അറബിക്കടലിൽ രൂപം കൊണ്ട ക്യാർ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിയായി മാറിയതായാണ് റിപ്പോർട്ട്. ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് നീങ്ങിത്തുടങ്ങിയിട്ടുണ്ട്. കൂടുതൽ ശക്തിപ്രാപിച്ചതിനാൽ മഹാരാഷ്ട്ര, ഗോവ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതാനിർദ്ദേശം നൽകി.

ഒക്ടോബർ 29-ന് കിഴക്കൻ-മധ്യ അറബിക്കടലിലും ഒക്ടോബർ 28 മുതൽ 31 വരെ പടിഞ്ഞാറൻ മധ്യ അറബിക്കടലിലും മത്സ്യബന്ധനത്തിനായി പോകരുതെന്നും മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകി.

ചുഴലിക്കാറ്റിനെത്തുടർന്ന് മഹാരാഷ്ട്രയിലെ ദക്ഷിണ കൊങ്കൺ മേഖലയിലെ രത്നഗിരി സിന്ധുദുർഗ് ജില്ലകളിൽ കനത്ത മഴ പെയ്യുകയാണ്. മഹാരാഷ്ട്രയിൽ നാളെവരെ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

അതേസമയം ക്യാർ ചുഴലിക്കാറ്റ് കേരളത്തിന് ഭീഷണിയാകില്ലെന്നാണ് വ്യക്തമാകുന്നത്. കേരളം ക്യാർ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലില്ലെന്നും ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

Tags
Back to top button