ഇടുക്കി അണക്കെട്ട് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കാൻ വെറും 0.3 അടി.

ഇടുക്കി അണക്കെട്ട് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കാൻ വെറും 0.3 അടി.

ചെറുതോണി: ഇടുക്കി അണക്കെട്ട് തുറക്കുന്നതിനു മുന്നോടിയായി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കാൻ വെറും 0.3 അടി കൂടി മാത്രം. ജലനിരപ്പ് 2395 അടിയിലെത്തുമ്പോഴാണ് കെഎസ്ഇബി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുന്നത്. ജലനിരപ്പ് 2399 അടിയാകുമ്പോള്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കുകയും പിന്നീട് 24 മണിക്കൂറിനകം ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തുകയും ചെയ്യും.

അതീവജാഗ്രതാനിര്‍ദേശമായ റെഡ് അലേര്‍ട്ട് നല്‍കുന്നതോടെയാണ് ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കുന്നത്. ഈ ഘട്ടത്തിൽ മൈക്കിലൂടെയും നേരിട്ടുമാണ് മുന്നറിയിപ്പു നല്‍കുക.

ദേശീയദുരന്തപ്രതികരണസേനയുടെ ഒരു യൂണിറ്റിനെ ആലുവയിൽ വിന്യസിച്ചിട്ടുണ്ട്. മറ്റൊരു സംഘം ഇന്നലെ രാത്രി ഇടുക്കിയിലെത്തിയിരുന്നു. മറ്റൊരു സംഘം തൃശൂരിലും തയ്യാറായിട്ടുണ്ട്. എന്തെങ്കിലും അത്യാഹിതങ്ങള്‍ ഉണ്ടായാൽ നേരിടാനായി കര, നാവിക, വ്യോമസനേയകളുടെയും തീരസംരക്ഷണസേനയുടെയും സേവനം സര്‍ക്കാര്‍ തേടിയിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും നാല് കമ്പനി കരസേനയും രക്ഷാപ്രവര്‍ത്തനത്തിനായി തയ്യാറായിട്ടുണ്ട്. ആവശ്യമെങ്കിൽ തീരസേനയുടെ ബോട്ടുകളും എറണാകുളം ജില്ലയിൽ ഉപയോഗിക്കും.

അതേസമയം, ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന്‍റെ ട്രയൽ റൺ നാളെ നടത്താൻ കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്. നാല് മണിക്കൂര്‍ വരെയാണ് ട്രയൽ റൺ നീളുക. ഡാമിന്‍റെ അഞ്ച് ഷട്ടറുകളും 40 സെന്‍റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തി സെക്കൻഡിൽ 1750 ഘനയടി വെള്ളം പുറത്തേയ്ക്കൊഴുക്കും.

അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ മഴ കുറഞ്ഞതു മൂലം ഇന്നലെ ഒരടി മാത്രമാണ് വെള്ളമുയര്‍ന്നത്.

Back to top button