പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന റെയ്ഡിൽ യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ് പ്രതി നസീമിൽ നിന്നടക്കം കഞ്ചാവ് പിടിച്ചെടുത്തു

സംഭവത്തിൽ 7 പേർക്കെതിരെ പൂജപ്പുര പോലീസ് കേസെടുത്തു.

തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന വ്യാപക റെയ്ഡിൽ യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ് പ്രതി നസീമിൽ നിന്നടക്കം കഞ്ചാവ് പിടിച്ചെടുത്തു.നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെത്തി. സംഭവത്തിൽ 7 പേർക്കെതിരെ പൂജപ്പുര പോലീസ് കേസെടുത്തു.

പൂജപ്പുര സെൻട്രൽ ജയിലിലെ 16 ബ്ലോക്കുകളിലും, ആശുപത്രിയിലുമാണ് വ്യാപക പരിശോധന നടത്തിയത്. പരിശോധനയിൽ 7 പേരിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെത്തി. പതിനഞ്ച് കവർ ബീഡി, ലൈറ്ററുകൾ, പാൻപരാഗ് ഉൾപ്പടെയുള്ള ലഹരി ഉത്പന്നങ്ങളും പണവുമാണ് പിടിച്ചെടുത്തത്.

റിമാൻഡിലുള്ള യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെയും, പി.എസ്.സി പരീക്ഷാ തട്ടിപ്പിലെയും പ്രതിയായ നസീമിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. നസീം ഉൾപ്പടെ ഏഴ് പേർക്കെതിരെയും കേസെടുക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ട് പൂജപ്പുര പോലീസിന് നിർദ്ദേശം നൽകി. പരിശോധന മൂന്ന് മണിക്കൂർ നീണ്ടു.

Back to top button