വർക്കലയിൽ സ്കൂളിൽ കടന്നു കയറി വിദ്യാർത്ഥിയെ നിലത്തിട്ട് പോലീസ് ചവിട്ടി

വർക്കല സർക്കാർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം

തിരുവനന്തപുരം വർക്കലയിൽ സ്കൂളിൽ കടന്നു കയറി പോലീസിന്റെ അതിക്രമം. വർക്കല സർക്കാർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പോലീസ് വിദ്യാർത്ഥിയെ നിലത്തിട്ട് ചവിട്ടി.
യൂത്ത് ഫെസ്റ്റിവലിനിടെ വിദ്യാർത്ഥികൾ പടക്കം പൊട്ടിച്ചു. ഇത് ചോദ്യം ചെയ്യാനാണ് പോലീസ് സ്കൂളിൽ പ്രവേശിച്ചത്.

യൂത്ത് ഫെസ്റ്റിവൽ നടക്കുന്നതിനിടെ ഒരു സംഘം പ്ലസ് ടു വിദ്യാർത്ഥികൾ പടക്കം പൊട്ടിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ പ്രിൻസിപ്പൽ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വർക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ അടക്കമുള്ള സംഘമാണ് സ്ഥലത്തെത്തിയത്.

പ്രിൻസിപ്പൽ പറഞ്ഞിട്ടാണ് വന്നതെന്ന് പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞു. പടക്കം പൊട്ടിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ലാത്തി വീശിയതായും ആരോപണമുണ്ട്.

മർദനത്തിൽ പ്ലസ് ടു വിദ്യാർത്ഥിയായ സുധീഷിന് പരുക്കേറ്റു. സുധീഷിനെ ശിവഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിനെതിരെ പരാതി നൽകാനാണ് വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ തീരുമാനം.

Back to top button