ദില്ലിയിൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ കള്ളപ്പണവേട്ടയിൽ 1000 കോടിയുടെ ഹവാലപ്പണം പിടികൂടി

രാജ്യത്തിനകത്തും വിദേശത്തും ശാഖകളുള്ള ബിസിനസ് ഗ്രൂപ്പാണ് ഇതിന് പിന്നിൽ

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ കള്ളപ്പണവേട്ട. 1000 കോടിയുടെ ഹവാലപ്പണമാണ് പിടികൂടിയത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഗവേണൻസ്, ഫിനാൻഷ്യൽ സർവീസ് ബിസിനസ് ഗ്രൂപ്പിനുള്ള ബന്ധത്തിന്റെ സൂചനകൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും പണം പിടിച്ചെടുത്തതിലൂടെ തെളിവ് ലഭിച്ചെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

രാജ്യത്തും വിദേശത്തും ശാഖകളുള്ള ബിസിനസ് ഗ്രൂപ്പാണ് പിന്നിലെന്ന് സൂചിപ്പിച്ചെങ്കിലും കമ്പനിയുടെ പേര് വെളിപ്പെടുത്താൻ തയ്യാറായില്ല. കള്ളപ്പണവും നികുതി വെട്ടിപ്പും തടയാനാണ് നോട്ടുനിരോധിച്ചതെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോഴും നോട്ടുനിരോധനത്തിന് ശേഷവും കള്ളപ്പണത്തിന് കുറവില്ലെന്ന് തെളിയിക്കുന്നതാണ് സംഭവം.

Back to top button