ഇന്ത്യ – ചൈന അനൗപചാരിക ഉച്ചകോടി ഇന്ന് മഹാബലിപുരത്ത് സമാപിക്കും ; തീരുമാനങ്ങൾ കാത്ത് രാജ്യങ്ങൾ

ഇന്നത്തെ ചർച്ചകൾക്ക് ശേഷം രണ്ട് രാജ്യങ്ങളും പ്രത്യേകം വാർത്താകുറിപ്പ് പുറത്തിറക്കാനാണ് സാധ്യത

മഹാബലിപുരം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായുള്ള അനൗപചാരിക ഉച്ചകോടി ഇന്ന് മഹാബലിപുരത്ത് സമാപിക്കും. പരസ്പരവിശ്വാസം കൂട്ടാനുള്ള നടപടികൾ ഇരുരാജ്യങ്ങളും പ്രഖ്യാപിക്കും. ഇരുവരും നടത്തുന്ന കൂടിക്കാഴ്ചയിൽ മറ്റ് എന്തെല്ലാം തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് രാജ്യങ്ങൾ ഉറ്റുനോക്കുന്നത്.

ഭീകരവാദവും മതമൗലികവാദവും സംയുക്തമായി ചെറുക്കാൻ ഇരുനേതാക്കളും ഇന്നലെ തീരുമാനിച്ചിരുന്നു. ഇന്നലെ അത്താഴവിരുന്നിനിടെ നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും ഒരുമണിക്കൂറിലധികം ചർച്ച നടത്തിയിരുന്നു.

ഇന്നത്തെ ചർച്ചകൾക്ക് ശേഷം രണ്ട് രാജ്യങ്ങളും പ്രത്യേകം വാർത്താകുറിപ്പ് പുറത്തിറക്കാനാണ് സാധ്യത. ജമ്മുകശ്മീർ വിഷയത്തിൽ എന്ത് ചർച്ച നടന്നു എന്ന കാര്യം വ്യക്തമാകും. വ്യാപര രംഗത്ത് സഹകരണം ശക്തമാക്കാനുള്ള നടപടികൾ തുടങ്ങിയവ രണ്ട് നേതാക്കളും അനൗപചാരിക ഉച്ചകോടിയിൽ തീരുമാനിക്കാനാണ് സാധ്യത.

ജമ്മുകശ്മീർ വിഷയത്തിൽ കടുത്ത ഭിന്നതയാണ് ഒരുമാസത്തിന് മുമ്പ് ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ ഉടലെടുത്തിരുന്നത്. എന്നാൽ വലിയ സൗഹൃദത്തിന്റെ അന്തരീക്ഷത്തിലാണ് ഉച്ചകോടിയുടെ തുടക്കം.

പാക് കേന്ദ്രീകൃത ഭീകരവാദം പ്രധാനമന്ത്രി മോദി കൂടിക്കാഴ്ചയിൽ ഉന്നയിച്ചെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മോദി, ഷീ ജിന്പിങ്ങ് കൂടിക്കാഴ്ചയിൽ സാമ്പത്തിക, വ്യാപാര സഹകരണം ചർച്ചയായെന്നും കൂടാതെ മതമൗലികവാദവും ഭീകരവാദവും ഒന്നിച്ചെതിർക്കണമെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.

Back to top button