ഇന്ത്യക്കെതിരെയുള്ള മലേഷ്യൻ പ്രധാനമന്ത്രിയുടെ വിവാദ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യൻ വ്യാപാരികൾ

മലേഷ്യയിൽ നിന്നും പാമോയിൽ വാങ്ങരുതെന്നാണ് വ്യാപാരികളുടെയും ഇറക്കുമതിക്കാരുടെയും സംഘടന നൽകിയ നിർദ്ദേശം

ദില്ലി: ഇന്ത്യക്കെതിരെയുള്ള മലേഷ്യൻ പ്രധാനമന്ത്രിയുടെ വിവാദ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യൻ വ്യാപാരികൾ. പ്രതിഷേധ സൂചകമായി മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതിയിൽ കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് സർക്കാരിന്റെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ച് വ്യാപാരികൾ രംഗത്തെത്തിയത്.

മലേഷ്യയിൽ നിന്നും പാമോയിൽ വാങ്ങരുതെന്നാണ് വ്യാപാരികളുടെയും ഇറക്കുമതിക്കാരുടെയും സംഘടന നൽകിയ നിർദ്ദേശമെന്നും ഇന്ത്യയും മലേഷ്യയും തമ്മിൽ അടുത്തിടെയുണ്ടായ പ്രശ്നങ്ങളിൽ ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖാപിക്കാനാണ് ഈ തീരുമാനമെന്നും പാമോയിൽ വ്യാപാരികളുടെ സംഘടനയായ സോൾവെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. മലേഷ്യക്ക് പകരം ഇന്തോനേഷ്യ, അർജന്റീന, യുക്രൈൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പാമോയിൽ ഇറക്കുമതി വർധിപ്പിക്കണമെന്നും സംഘടന അറിയിച്ചു.

കഴിഞ്ഞ മാസം ഐക്യാരഷ്ട്രസഭയിൽ പ്രസംഗിക്കുന്നതിനിടെയാണ് മലേഷ്യൻ പ്രധാനമന്ത്രി മഹതിർ മുഹമ്മദ് വിവാദ പരാമർശം നടത്തിയത്. കശ്മീരിൽ ഇന്ത്യ അതിക്രമിച്ച് കയറുകയും കൈവശപ്പെടുത്തുകയും ചെയ്തെന്നായിരുന്നു മഹതിർ മുഹമ്മദ് പറഞ്ഞത്. തുടർന്നാണ് മലേഷ്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വാർത്തകൾ പുറത്തുവന്നത്.

എന്നാൽ കശ്മീർ വിഷയത്തിൽ നടത്തിയ പ്രസ്താവന പിൻവലിക്കാൻ തയ്യാറല്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അറിയിച്ചിരുന്നു. പാമോയിൽ ഇറക്കുമതി ഇന്ത്യ അവസാനിപ്പിച്ചാൽ മലേഷ്യക്ക് കനത്ത തിരിച്ചടിയാകും. കഴിഞ്ഞ ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 3.9 മില്യൺ ടൺ പാമോയിലാണ് മലേഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button