ആഗോള സംരഭകത്വ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇവാൻക ട്രംപിന് മോദിയുടെ ക്ഷണം.

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആഗോള സംരഭകത്വ ഉച്ചകോടിയിൽ പങ്കെടുക്കാൻ യു.എസ്. പ്രസിഡന്‍റിന്‍റെ മകൾ ഇവാൻക ട്രംപിന് മോദിയുടെ ക്ഷണം.

ഈ വർഷം അവസാനം നടക്കുന്ന എട്ടാമത് ആഗോള സംരഭകത്വ ഉച്ചകോടിയിൽ യു.എസ് ഡെലിഗേഷനെ നയിക്കാനാണ് പ്രധാനമന്ത്രിയുടെ ക്ഷണം.

മോദിയുമായുള്ള സന്ദർശനത്തിനുശേഷം യു.എസ്. പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം മാധ്യമപ്രവർത്തകരോട് വെളിപ്പെടുത്തിയത്.

അദ്ഭുതത്തോടെയാണ് താൻ ഇക്കാര്യം വെളിപ്പെടുത്തുന്നത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപ്,  ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക രംഗത്തെ പങ്കാളിത്തം വ്യാപിപ്പിക്കുന്നതിന് ആഗോള സംരഭകത്വ ഉച്ചകോടിയുടെ യു.എസ് ഡെലിഗേഷനെ നയിക്കാനായി മോദി എന്‍റെ മകൾ ഇവാൻകയെ ക്ഷണിച്ചു എന്നറിയിച്ചത്.

അവൾ ക്ഷണം സ്വീകരിച്ചു എന്നാണ് താൻ വിശ്വസിക്കുന്നത് എന്നുകൂടി അമേരിക്കൻ പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

‘നന്ദി മിസ്റ്റർ മോദി, ഉച്ചകോടിയിലേക്കുള്ള താങ്കളുടെ ക്ഷണത്തിന്’ എന്ന് ഉടൻതന്നെ ഇവാൻക ട്വിറ്ററിൽ കുറിച്ചു.

എട്ടാമത് ആഗോള സംരഭകത്വ ഉച്ചകോടിയാണ് (ജി.ഇ.എസ്) ഈ വർഷം ഇന്ത്യയിൽ വെച്ച് നടക്കാനിരിക്കുന്നത്.

കഴിഞ്ഞ വർഷം അമേരിക്കയായിരുന്നു അതിഥേയർ. തുർക്കി, യു.എ.ഇ, മലേഷ്യ, മൊറോക്കോ, കെനിയ എന്നീ രാജ്യങ്ങളിലാണ് ഇതിന് മുൻപ് ജി.ഇ.എസ് നടന്നത്.

Back to top button