പോലീസിന്‍റെ പെരുമാറ്റം നന്നാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

പോലീസിന്‍റെ പെരുമാറ്റം നന്നാവണമെന്ന് മുഖ്യമന്ത്രി

കോട്ടയം: മുൻ ഡിജിപി ടി പി സെൻകുമാറിന്‍റ അഭിപ്രായം തള്ളി ജനമൈത്രി പോലീസ് സംവിധാനത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രായമായവരെ പരിചരിക്കേണ്ടെന്ന പഴയ പോലീസ് മേധാവിയുടെ അഭിപ്രായം കണ്ടെന്നും അത് നടപ്പാക്കുമെന്ന് ആരും വിചാരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനമൈത്രി പോലീസ് ഉന്നതരുടെ പ്രതിച്ഛായ കൂട്ടാൻ മാത്രമേ ഉപകരിക്കൂ എന്നായിരുന്നു മുൻ ഡിജിപി ടി പി സെൻകുമാര്‍ മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തിൽ പറഞ്ഞത്. പോലീസിന്‍റെ യഥാര്‍ത്ഥ ഡ്യൂട്ടി മറികടന്നുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നായിരുന്നു സെൻകുമാറിന്‍റെ അഭിപ്രായം. അങ്ങനെ വരുമ്പോള്‍ പോലീസിന് ക്രമസമാധാനവും അന്വേഷണവും നടത്താൻ സമയമുണ്ടാകില്ലെന്നും അതാണ് നിസ്സഹായഹരോട് പോലീസ് മോശമായി പെരുമാറാൻ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ പോലീസിന്‍റെ പെരുമാറ്റം നന്നാവണമെന്നും ഏതു ഘട്ടത്തിലും മാന്യത കൈവിടാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിലെ അംഗബലം കൂട്ടുമെന്നും ജോലിയ്ക്കിടെ മരിക്കുന്നവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

1
Back to top button