ദേശീയം (National)

ജെഎന്‍യു ക്യാമ്പസില്‍ യുദ്ധടാങ്ക് സ്ഥാപിക്കണമെന്ന് വിസി.

ന്യൂഡൽഹി: സൈന്യത്തോടുള്ള സ്നേഹവും ആദരവും വിദ്യാർഥികൾക്കിടയിൽ വർധിപ്പിക്കാൻ സർവകലാശാലക്കുള്ളിൽ പട്ടാള ടാങ്ക് സ്ഥാപിക്കണമെന്ന് ജെഎൻയു വൈസ് ചാൻസലർ എം.ജഗദീഷ് കുമാർ.

കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിസി.

പരിപാടിയിൽ പങ്കെടുത്ത കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാനോടും വി.കെ.സിങ്ങിനോടുമാണ് വൈസ് ചാൻസലർ ഇങ്ങനെ ആവശ്യപ്പെട്ടത്.

യുദ്ധ ടാങ്ക് സ്ഥാപിക്കുന്നതിലൂടെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ത്യാഗവും രാജ്യസ്‌നേഹവും ഓർമിപ്പിക്കുമെന്ന് വൈസ് ചാൻസലർ അഭിപ്രായപ്പെട്ടു. പരിപാടിയുടെ ഭാഗമായി 600 മീറ്റർ നീളമുള്ള ഇന്ത്യൻ പതാകയുമായി തിരംഗ യാത്ര സംഘടിപ്പിച്ചു.

ക്രിക്കറ്റ് താരം ഗൗതം ഗംഭീറും വെറ്ററൻ ഇന്ത്യ എന്ന വിരമിച്ച സൈനികരുടെ സംഘടനയിലെ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

വഞ്ചകരുടെ സഹായമില്ലാതെ ഇന്ത്യയെ കീഴടക്കാൻ പുറത്തുനിന്നൊരു ശക്തിക്കും കഴിയില്ലെന്ന് സഹമന്ത്രി വി.കെ. സിങ് വ്യക്തമാക്കി.

Back to top button