നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ആഭ്യന്തര വകുപ്പിനെതിരെ ജുഡീഷ്യൽ കമ്മീഷൻ

ഉദ്യോഗസ്ഥർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ വിമർശനം

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ആഭ്യന്തര വകുപ്പിനെതിരെ ജുഡീഷ്യൽ കമ്മീഷൻ. ഉദ്യോഗസ്ഥർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ വിമർശനം. നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട രേഖകൾ ക്രൈംബ്രാഞ്ച് ഇതുവരെ കമ്മീഷന് മുമ്പിൽ ഹാജരാക്കിയിട്ടില്ല. ആവശ്യപ്പെട്ടിട്ടും രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് ഇന്നലെ ഡി.വൈ.എസ്.പി ജോൺസൺ ജോസഫിനെ നേരിട്ട് വിളിച്ചുവരുത്തി കമ്മീഷന് തങ്ങളുടെ അതൃപ്തി വ്യക്തമാക്കിയിരുന്നു. എന്നാൽ രഹസ്യസ്വഭാവുമള്ളതിനാൽ രേഖകൾ കൈമാറാൻ കഴിയില്ലെന്ന വിശദീകരണമാണ് കമ്മീഷന് ലഭിച്ചത്.

സമാന്തരമായി അന്വേഷണം നടത്തുന്ന ജുഡീഷ്യൽ അധികാരമുള്ള കമ്മീഷനെതിരെ നിഷേധാത്മക നിലപാടെടുത്തതാണ് കമ്മീഷനെ ചൊടിപ്പിച്ചിരിക്കുന്നത്. തങ്ങൾക്ക് കാണാൻ കഴിയാത്ത എന്ത് രഹസ്യസ്വഭാവമാണ് രേഖകളിലുള്ളതെന്നും സഹകരിക്കാൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനാണ് ജുഡീഷ്യൽ കമ്മിഷനെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് ചോദിച്ചു. ആഭ്യന്തരവകുപ്പിന്റെ നിഷേധാത്മക നിലപാട് സംസ്ഥാന സർക്കാരിന്റെയും ഹൈക്കോടതിയുടെയും ശ്രദ്ധയിൽ കൊണ്ടുവരാനാണ് കമ്മീഷന്റെ തീരുമാനം. തിങ്കളാഴ്ച ക്രൈംബ്രാഞ്ചിന് രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്ത് നൽകും. തുടർന്നും സഹകരിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് കമ്മീഷന്റെ തീരുമാനം.

Tags
Back to top button