ദേശീയം (National)

ഇന്ത്യയുടെ നാൽപ്പത്തിയേഴാമത് ചീഫ് ജസ്റ്റിസായി, ജസ്റ്റിസ് എസ്.എ ബോബ്ഡെ ഇന്ന് ചുമതലയേൽക്കും

അയോധ്യാ ചരിത്ര വിധിയുടെ തുടർചലനങ്ങളാണ് എസ്.എ. ബോബ്ഡെയെ കാത്തിരിക്കുന്നത്.

ഇന്ത്യയുടെ നാൽപ്പത്തിയേഴാമത് ചീഫ് ജസ്റ്റിസായി, ജസ്റ്റിസ് എസ്.എ ബോബ്ഡെ ഇന്ന് ചുമതലയേൽക്കും. രഞ്ജൻ ഗൊഗൊയ് വിരമിച്ച ഒഴിവിൽ ജസ്റ്റിസ് ആർ. ബാനുമതി സുപ്രീംകോടതി കൊളീജിയത്തിൽ എത്തും. പതിമൂന്ന് വർഷത്തിന് ശേഷമാണ് വനിതാ ജഡ്ജിക്ക് കൊളീജിയത്തിൽ സ്ഥാനം ലഭിക്കുന്നത്.

അയോധ്യാ ചരിത്ര വിധിയുടെ തുടർചലനങ്ങളാണ് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്ന എസ്.എ. ബോബ്ഡെയെ കാത്തിരിക്കുന്നത്. ഭരണഘടനാ ബെഞ്ചിലെ അംഗമായിരുന്ന ബോബ്ഡെ, മറ്റ് ജഡ്ജിമാർക്കൊപ്പം വിധിയിൽ ഉറച്ചുനിന്നു. പുനഃപരിശോധനാ ഹർജികൾ എത്തുമ്പോൾ ബെഞ്ച് പുനഃസംഘടിപ്പിക്കേണ്ട ചുമതല ചീഫ് ജസ്റ്റിസിനാണ്. ശബരിമല കേസുമായി ബന്ധപ്പെട്ട ഉത്തരവിൽ വ്യക്തമാക്കിയ, വിശാല ബെഞ്ചിന്റെ രൂപീകരണവും ബോബ്ഡെയുടെ ഉത്തരവാദിത്തമാണ്.

വിയോജന വിധിയെഴുതിയ ജസ്റ്റിസ് ആർ.എഫ്. നരിമാനെയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെയും വിശാല ബെഞ്ചിലും പുനഃപരിശോധനാ ഹർജികൾ കേൾക്കുന്ന അഞ്ചംഗ ബെഞ്ചിലും ഉൾപ്പെടുത്തണമോയെന്ന കാര്യത്തിൽ ബോബ്ഡെയുടെ നിലപാട് നിർണായകമാണ്. നാഗ്പുർ സ്വദേശിയായ എസ്.എ. ബോബ്ഡെയ്ക്ക് 2021 ഏപ്രിൽ ഇരുപത്തിമൂന്ന് വരെ സർവീസ് കാലാവധിയുണ്ടാകും.

Tags
Back to top button