കർണാടകയിൽ 50,000 രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളി.

ബംഗളൂരു: കർണാടകയിൽ 50,000 രൂപ വരെയുള്ള കാർഷിക വായ്​പകൾ എഴുതിത്തള്ളാൻ സർക്കാർ തീരുമാനം.

മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് കാർഷിക​ കടങ്ങൾ എഴുതിത്തള്ളാനുള്ള തീരുമാനം നിയമസഭയിൽ പ്രഖ്യാപിച്ചത്​.

ജൂൺ 20 വരെ എടുത്ത വായ്​പകളാണ്​ ഇത്തരത്തിൽ ഒഴിവാക്കുക. 8,167 കോടി രൂപയുടെ കർഷകരുടെ ബാധ്യതയാണ്​ സർക്കാർ ഏറ്റെടുത്തിരിക്കുന്നത്​.

ഇതോടെ കാർഷിക കടം എഴുതിത്തള്ളുന്ന നാലാമത്തെ സംസ്ഥാനമായി കർണാടക മാറി.

ഉത്തർപ്രദേശ്​, പഞ്ചാബ്​, മഹാരാഷ്​​ട്ര എന്നീ സംസ്ഥാനങ്ങൾ ഭാഗികമായി കർഷകരുടെ കടങ്ങൾ എഴുതിത്തള്ളിയിരുന്നു.

സംസ്ഥാനത്തെ 22 ലക്ഷം കർഷകർക്ക്​ തീരുമാനത്തി​​െൻറ ഗുണം ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

കഴിഞ്ഞ മൂന്ന്​ വർഷമായി തുടരുന്ന വരൾച്ച കർഷകരെ കടുത്ത പ്രതിസന്ധിയിലേക്ക്​ നയിച്ചിരുന്നു.

തങ്ങളുടെ നിരന്തരമായ പ്രചാരണങ്ങളുടെ ഭാഗമായാണ്​ കടങ്ങൾ എഴുതിത്തള്ളാൻ സർക്കാർ തയാറായതെന്ന്​ കർണാടകയിലെ ബി.ജെ.പി നേതൃത്വം പ്രതികരിച്ചു.

പൊതുമേഖല ബാങ്കുകളിലെ 3000 കോടി രൂപയുടെ കടങ്ങളും എഴുതി തള്ളണമെന്ന്​ ​വിവിധ പാർട്ടികൾ ആവശ്യമുയർത്തി.

എന്നാൽ പൊതുമേഖല ബാങ്കുകളിലെ കടം എഴുതിത്തള്ളാൻ കേന്ദ്രസർക്കാർ തയാറാവണമെന്ന്​ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

Back to top button