ദേശീയം (National)

അരവിന്ദ് കെജ്രിവാൾ മെഗാസ്റ്റാർ കമൽ ഹാസനെ കാണുന്നതിനായി ചെന്നൈയിൽ എത്തി.

ചെന്നൈ: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ മെഗാസ്റ്റാർ കമൽ ഹാസനെ കാണുന്നതിനായി ചെന്നൈയിൽ എത്തി.

ചെന്നൈ വിമാനത്താവളത്തിൽ എത്തിയ അരവിന്ദ് കെജ്രിവാളിനെ കമൽ ഹാസൻ്റെ മകളും നടിയുമായ അക്ഷര ഹാസൻ സ്വീകരിച്ചു.

കമൽ ഹാസൻ്റെ വീട്ടിൽ നടക്കുന്ന ചർച്ചയിൽ രാഷ്ട്രീയം വിഷയമാകും. എത്രയും പെട്ടെന്ന് കമൽ ഹാസൻ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഏതായാലും കോൺഗ്രസിലേക്കോ ബി ജെ പിയിലേക്കോ താൻ ഇല്ലെന്ന് ആദ്യമേ തന്നെ കമൽ ഹാസൻ വ്യക്തമാക്കിയിരുന്നു.

തമിഴ്നാട്ടിൽ ഭരണകക്ഷിയായ എ ഐ എ ഡി എം കെയെ എതിർക്കുന്ന നിലപാട് ആണ് കമൽ ഹാസൻ്റേത്. ഡി എം കെ പിന്തുണ അറിയിച്ചിട്ടുള്ള കമൽ ഹാസൻ കഴിഞ്ഞയിടെ ഡി എം കെ സംഘടിപ്പിച്ച ഒരു ചടങ്ങിലും പങ്കെടുത്തിരുന്നു.

കൂടാതെ, കേരളത്തിലെ സി പി എം നയിക്കുന്ന ഇടതു സർക്കാരിനെ അഭിനന്ദിച്ച കമൽ ഹാസൻ സംസ്ഥാനത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

എന്നാൽ, പരസ്യമായി ഏത് രാഷ്ട്രീയത്തിന് ഒപ്പമാണെന്ന് വ്യക്തമാക്കാൻ അദ്ദേഹം ഇതുവരെയും തയ്യാറായിട്ടില്ല.

കെജ്‌രിവാള്‍ മുഖ്യമന്ത്രിയായ ഉടന്‍ കമല്‍ഹാസന്‍ ഡല്‍ഹിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങിയാല്‍ അദ്ദേഹവുമായി കൈ കോര്‍ത്ത് പ്രവര്‍ത്തിക്കുമെന്നും സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചനയുണ്ടെന്നും കമല്‍ഹാസന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Back to top button