ലോക് സഭ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് വൈകീട്ട് അവസാനിക്കും.

ലോക് സഭ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് വൈകീട്ട് അവസാനിക്കും.

തിരുവനന്തപുരം: ലോക് സഭ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് വൈകീട്ട് അവസാനിക്കും. വൈകീട്ടാണ് കൊട്ടിക്കലാശം. ഏപ്രിൽ 23 ചൊവ്വാഴ്ച്ചയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പോളിങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാർത്താ സമ്മളേനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് ആകെ 2,61,51,534 വോട്ടർമാരാണുള്ളത്. ഇതിൽ 1,34,66,521 പേർ സ്ത്രീ വോട്ടർമാരാണ്. 1,26,84,839 പുരുഷ വോട്ടർമാരുണ്ട്. 174 ട്രാൻസ്‌ജെൻഡർ വോട്ടർമാരാണുള്ളത്. ഏറ്റവും കൂടുതൽ വോട്ടര്‍മാര്‍ മലപ്പുറത്തും (31,36,191) കുറവ് വയനാട് (5,94,177) ജില്ലയിലുമാണ്. ഇത്തവണ 2,88,191 കന്നിവോട്ടർമാരാണുള്ളത്. 1,35,357 ഭിന്നശേഷി വോട്ടർമാരുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷനും യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നുണ്ട്. ഇത് വയനാടിനെ രാജ്യത്തിന്‍റെ ശ്രദ്ധാകേന്ദ്രമാക്കുന്നു.

20 നിയമസഭാ മണ്ഡലങ്ങളിൽ 24,970 പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. കുറ്റ്യാടി, ആലത്തൂർ, കുന്ദമംഗലം എന്നിവിടങ്ങളിൽ ഓക്‌സിലറി പോളിംഗ് ബൂത്തുകളുണ്ട്. ഏറ്റവും കൂടുതൽ പോളിംഗ് ബൂത്തുകൾ മലപ്പുറത്തും(2750) കുറവ് വയനാടുമാണ് (575). 867 മോഡൽ പോളിംഗ് സ്‌റ്റേഷനുകളുണ്ട്. സമ്പൂർണമായി വനിതകൾ നിയന്ത്രിക്കുന്ന 240 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. പ്രശ്‌നസാധ്യതയുള്ള 3621 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് 831 പ്രശ്‌നബാധിത ബൂത്തുകളും 359 തീവ്ര പ്രശ്‌നസാധ്യതാ ബൂത്തുകളുമുണ്ട്. 219 ബൂത്തുകളിൽ മാവോയിസ്റ്റ് പ്രശ്‌ന സാധ്യത വിലയിരുത്തിയിട്ടുണ്ട്. ഇതിൽ 72 ബൂത്തുകൾ വയനാട്ടിലും 67 മലപ്പുറത്തും കണ്ണൂരിൽ 39ഉം കോഴിക്കോട് 41 ഉം ബൂത്തുകളുണ്ട്. പോളിംഗ് ജോലികൾക്ക് 1,01,140 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 1670 സെക്ടറൽ ഓഫീസർമാരും 33,710 പ്രിസൈഡിംഗ് ഓഫീസർമാരുമുണ്ട്. 23ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. രാവിലെ ആറിന് മോക്ക് പോൾ നടക്കും.

കേരളത്തിലാകെ 35,193 വോട്ടിംഗ് മെഷീനുകളാണുള്ളത്. 2,746 കൺട്രോൾ യൂണിറ്റുകളും 44,427 ബാലറ്റ് യൂണിറ്റുകളുമാണുള്ളത്. ആറ്റിങ്ങൽ, വയനാട്, തിരുവനന്തപുരം മണ്ഡലങ്ങളിൽ രണ്ട് ബാലറ്റ് യൂണിറ്റുകൾ വീതം ഉപയോഗിക്കും.

ഹരിത ചട്ടം പാലിക്കുന്നതിൻ്റെ ഭാഗമായി മാർച്ച് 11 മുതൽ സംസ്ഥാന വ്യാപകമായി 15 ലക്ഷം ബാനറുകളും പോസ്റ്ററുകളും ഹോർഡിംഗുകളും നശിപ്പിച്ചു. 51,000 പരാതികളാണ് സി വിജിൽ ആപ്പ് വഴി ലഭിച്ചെന്നും ടിക്കാറാം മീണ പറഞ്ഞു.

അതേസമയം വിവിധ സ്‌ക്വാഡുകളുടെ പരിശോധനയിൽ 31 കോടി രൂപയുടെ സാധനങ്ങൾ പിടികൂടി. 44 ലക്ഷം രൂപയുടെ മദ്യവും 21 കോടിയുടെ ലഹരി ഉത്പന്നങ്ങളും മൂന്നു കോടിയുടെ സ്വർണവും 6.63 കോടിയുടെ പണവും പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും കർശന പരിശോധനയുണ്ടാവുമെന്നും തെരഞ്ഞെടുപ്പ് ഓഫീസർ മുന്നറിയിപ്പ് നൽകി.

Back to top button