എൻ.എസ്.എസിനെ പരോക്ഷമായി വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

വട്ടിയൂർക്കാവിൽ ചില സമുദായ സംഘടനകൾ ജാതി പറഞ്ഞു വോട്ട് പിടിക്കുന്നതിനെതിരെ പരാതി നൽകുമെന്ന് കോടിയേരി പറഞ്ഞു.

ആലപ്പുഴ: എൻ.എസ്.എസിനെ പരോക്ഷമായി വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വട്ടിയൂർക്കാവിൽ ചില സമുദായ സംഘടനകൾ ജാതി പറഞ്ഞു വോട്ട് പിടിക്കുന്നതിനെതിരെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകുമെന്ന് കോടിയേരി പറഞ്ഞു. നഗ്നമായി ജാതി പറഞ്ഞുള്ള വോട്ടുപിടുത്തമാണ് വട്ടിയൂർക്കാവിൽ കാണുന്നത്. ഇതേക്കുറിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയുടെ നിരീക്ഷണം ശരിയാണെന്നും കോടിയേരി പറഞ്ഞു.

ആലപ്പുഴയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികദിനാഘോഷ ചടങ്ങിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഗതി മാറിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇടപെടൽ മൂലമാണ്. കോൺഗ്രസുകാർ ഞായറാഴ്ച്ച യോഗം ചേരുന്നവർ മാത്രമായിരുന്നു അന്ന്. ബ്രിട്ടനെതിരെ മാത്രമല്ല ജന്മിത്തതിനെതിരെയും കമ്മ്യുണിസ്റ്റ് പാർട്ടികൾ പൊരുതി.

സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ പക്ഷെ അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ശക്തി ഇല്ലായിരുന്നു അതുണ്ടായിരുന്നെങ്കിൽ ഇന്ത്യ വിഭജനം ഉണ്ടാവുമായിരുന്നില്ല. മാറിയ കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ യോജിച്ച പ്രവർത്തനം അനിവാര്യമായെന്നും സി.പി.ഐ-സി.പി.എം ബന്ധം ശക്തിപ്പെടുത്തുമെന്നും കോടിയേരി വ്യക്തമാക്കി. സി.പി.ഐ(എം.എൽ)യുമായും പറ്റാവുന്ന രീതിയിൽ യോജിച്ചു പോകുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

Back to top button