ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി തകർന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് കുമ്മനം രാജശേഖരൻ

രണ്ടു സീറ്റിലെ വിജയം സർക്കാറിനുള്ള പിന്തുണയെന്ന് പറയുന്ന മുഖ്യമന്ത്രി, മൂന്നു സീറ്റിലെ തോൽവി സർക്കാറിനോടുള്ള എതിർപ്പാണെന്നും സമ്മതിക്കണമെന്ന് കുമ്മനം

ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി തകർന്നുവെന്ന മാധ്യമങ്ങളുടേയും ഇടത്-വലത്നേതാക്കളുടേയും പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ.

നഷ്ടപ്പെട്ട വോട്ടുകളുടെ എണ്ണമാണ് ജനപിന്തുണ കുറഞ്ഞതിന് അടിസ്ഥാനമാക്കുന്നതതെങ്കിൽ ബി.ജെ.പി ആണ് ഭേദം. ഉപതെരഞ്ഞെടുപ്പു നടന്ന അഞ്ച് മണ്ഡലങ്ങളിൽ 2016 ൽ എൻ.ഡി.എക്ക് കിട്ടിയ വോട്ടിൽ ഇത്തവണ കുറഞ്ഞത് 5,462 വോട്ടുകൾ മാത്രമാണ്. അതേസമയം, യു.ഡി.എഫിന് 27,947 വോട്ടിന്റെ കുറവാണുണ്ടായത്. ഇടതു മുന്നണിക്ക് 7,068 വോട്ടും കുറഞ്ഞു. എല്ലാ മുന്നണികൾക്കും വോട്ടുകൾ കുറഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് വോട്ടുകൾ നഷ്ടപ്പെട്ട പാർട്ടിയാണ് തകർന്നത് എന്നു പറയുന്നതിൽ യുക്തിയില്ല എന്ന് കുമ്മനം പറഞ്ഞു.

രണ്ടു സീറ്റിലെ വിജയം സർക്കാറിനുള്ള പിന്തുണയെന്ന് പറയുന്ന മുഖ്യമന്ത്രി, മൂന്നു സീറ്റിലെ തോൽവി സർക്കാറിനോടുള്ള എതിർപ്പാണെന്നും സമ്മതിക്കണം. തോറ്റു കഴിഞ്ഞപ്പോൾ ബി.ജെ.പി വോട്ടു മറിച്ചു എന്ന കെ മുരളീധന്റേയും ജി സുധാകരന്റേയും ആരോപണം ജനങ്ങളെ കളിയാക്കലാണ്. ആരു വോട്ടുമറിച്ചാലൂം തോൽക്കാത്തതരത്തിൽ 50 ശതമാനത്തിലധികം വോട്ടു നൽകി മുളീധരനെ ജയിപ്പിച്ചിട്ടുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. അരൂരിൽ സി.പി.എം അവസാനം ജയിച്ചതും 50 ശതമാനത്തിലധികം വോട്ടു കിട്ടിയാണ്. ഈ വോട്ടുകൾ എവിടെ പോയി എന്നാണ് ഇരുനേതാക്കളും കണ്ടെത്തേണ്ടത്. ബി.ജെ.പിയുടെ രാഷ്ട്രീയ വോട്ടിൽ ഒരിടിവും വന്നിട്ടില്ല എന്നാണ് ഫലം വ്യക്തമാക്കുന്നതെന്നും കുമ്മനം പറഞ്ഞു.

Back to top button