ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നാട്ടുകാർ പിടികൂടിയ യുവാവ് മർദനത്തിൽ കൊല്ലപ്പെട്ടു

ചിന്നക്കനാൽ ബിയല്റാം സ്വദേശി പൂപ്പാറ ബാബു എന്നറിയപ്പെടുന്ന ബാബു (45) ആണ് മരിച്ചത്.

ഇടുക്കി: ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നാട്ടുകാർ പിടികൂടിയ യുവാവ് മർദനമേറ്റ് കൊല്ലപ്പെട്ടു. ചിന്നക്കനാൽ ബിയല്റാം സ്വദേശി പൂപ്പാറ ബാബു എന്നറിയപ്പെടുന്ന ബാബു (45) ആണ് മരിച്ചത്. കേരള-തമിഴ്നാട് അതിർത്തിയിലുള്ള മുന്തലിൽ പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ബോഡിനായ്ക്കന്നൂർ ഡി.വൈ.എസ്.പി ഈശ്വരന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബൈക്ക് മോഷ്ടിക്കാൻ ബാബു എത്തുമെന്ന രഹസ്യവിവരത്തെ തുടർന്ന് തക്കം പാർത്തിരുന്ന നാട്ടുകാർ പുലർച്ചെ മൂന്നു മണിക്കെത്തിയ ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് കൂട്ടം ചേർന്നെത്തിയ നാട്ടുകാർ ക്രൂരമായി മർദ്ദിച്ചു. സംഭവസ്ഥലത്തു തന്നെ ബാബു മരിച്ചു. റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇയാളെ അതു വഴി വന്ന ഓട്ടോ ഡ്രൈവർ സർക്കാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ബാബുവിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. ബൈക്ക് മോഷണത്തിനു പുറമേ, ഓട്ടോ മോഷണത്തിനും വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയതിനും ഇയാളുടെ പേരിൽ കേസുകളുണ്ട്.

Back to top button