സംസ്ഥാനം (State)

ഭവന രഹിതർക്ക് വീടൊരുക്കാൻ ബസ് സ്റ്റാൻഡ് പണയം വച്ച് മലപ്പുറം നഗരസഭ

വായ്പയായി അഞ്ചുകോടി രൂപ ആവശ്യപ്പെട്ടാണ് മലപ്പുറം സർവീസ് സഹകരണ ബാങ്കിനെ നഗരസഭ സമീപിച്ചത്.

ഭവന രഹിതർക്ക് വീടൊരുക്കാൻ ബസ് സ്റ്റാൻഡ് പണയം വച്ച് വായ്പയെടുക്കാനൊരുങ്ങി മലപ്പുറം നഗരസഭ. വായ്പയായി അഞ്ചുകോടി രൂപ ആവശ്യപ്പെട്ടാണ് മലപ്പുറം സർവീസ് സഹകരണ ബാങ്കിനെ നഗരസഭ സമീപിച്ചത്. നഗരസഭാ ഭരണസമിതി കൂട്ടായെടുത്ത തീരുമാനപ്രകാരമാണ് 75 കോടിയിലധികം മൂല്യമുള്ള ബസ് സ്റ്റാൻഡ് പണയം വയ്ക്കുന്നത്.

പി.എം.എ.വൈ ലൈഫ് ഭവന പദ്ധതിയുടെ നടത്തിപ്പിന് നഗരസഭയുടെ വിഹിതം കണ്ടെത്തുന്നതിനായാണ് വായ്പയെടുക്കുന്നത്. സാമ്പത്തിക പ്രശ്നം രൂക്ഷമായതോടെയാണ് നഗരസഭാ കെട്ടിടത്തോട് ചേർന്നുള്ള മുൻസിപ്പൽ ബസ് സ്റ്റാൻഡ് പണയപ്പെടുത്താൻ തീരുമാനിച്ചത്. ഇരുപത് വർഷത്തെ കാലാവധിയിലാണ് വായ്പ ആവശ്യപ്പെട്ടിരിക്കുന്നത്.

ലൈഫ് ഭവന പദ്ധതിയുടെ 50 ശതമാനം നഗരസഭയും 50 ശതമാനം കേന്ദ്ര, സംസ്ഥാന സർക്കാരുകളും വഹിക്കണമെന്നാണ് പുതിയ തീരുമാനം. 332 വീടുകളുടെ അപേക്ഷയാണ് നഗരസഭയ്ക്കു മുൻപിലുള്ളത്. ഇതിനായി 4.98 കോടി രൂപ ചെലവഴിക്കണം. ഇത്രയും വലിയ തുകയ്കുള്ള ഫണ്ടിലില്ലാത്തതിനാലാണ് പണയം ബസ് സ്റ്റാൻഡ് വയ്ക്കാൻ തീരുമാനിച്ചത്.

Tags
Back to top button