മരട് ഫ്ലാറ്റ് നിർമാണ കേസിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച് നീക്കം

മുൻപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ പ്രാദേശിക നേതാക്കളോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി

മരട് ഫ്ലാറ്റ് നിർമാണ കേസിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച് നീക്കം. മുൻ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സി.പി.ഐ.എം പ്രാദേശിക നേതാക്കളോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. അതിനിടെ കേസിൽ നേരത്തെ അറസ്റ്റിലായ മുൻ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ മൂന്നു പേരെ മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു.

മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമിക്കാൻ അനുമതി നൽകിയതിൽ പഞ്ചായത്ത് ഭരണസമിതിയുടെ അനുമതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച് പദ്ധതിയിട്ടിരിക്കുന്നത്. മുൻ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ പികെ രാജു, എം ഭാസ്കരൻ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ഇരുവരും തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകും.

തീരദേശ പരിപാലന നിയമത്തിൽ ഇളവ് ആവശ്യപ്പെട്ടും ഫ്ലാറ്റുകൾക്ക് അനുമതി നൽകാൻ സെക്രട്ടറിയോട് ശുപാർശ ചെയ്തും പഞ്ചായത്ത് യോഗം പാസാക്കിയ പ്രമേയം നേരത്തെ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചിരുന്നു. ഈ പ്രമേയം പിന്നീട് എഴുതി ചേർത്തതെന്നാണ് സി.പി.എമ്മുകാരായ മുൻ പഞ്ചായത്ത് അംഗങ്ങളുടെ ആരോപണം.

അതോടൊപ്പം മുൻ പഞ്ചായത്ത് പ്രസിഡന്റ് ദേവസിയുടെ ഇടപെടലും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ട്. അതിനിടെ നേരത്തെ ഈ കേസിൽ അറസ്റ്റിലായ ഹോളി ഫെയ്ത്ത് എം.ഡി സാനി ഫ്രാൻസിസ്, മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ് ഉൾപ്പെടെ മൂന്നു പേരുടെയും ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിച്ചു.

Back to top button