സംസ്ഥാനം (State)

വിവാദമായ മാർക്ക് ദാന നടപടിയെ ന്യായീകരിച്ച് എം.ജി സർവകലാശാല റിപ്പോർട്ട്.

മോഡറേഷൻ നൽകിയത് വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമെന്നും, തീരുമാനമെടുത്ത് അദാലത്തിലല്ലെന്നും വിശദീകരണം.

വിവാദമായ മാർക്ക് ദാന നടപടിയെ ന്യായീകരിച്ച് എംജി സർവകലാശാല റിപ്പോർട്ട്. മോഡറേഷൻ നൽകിയത് വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമെന്നും, തീരുമാനമെടുത്ത് അദാലത്തിലല്ലെന്നും വിശദീകരണം. ചട്ടപ്രകാരമാണ് നടപടിയെന്നും, സർവകലാശാലയുടെ ഗുണനിലവാരത്തെ ബാധിച്ചിട്ടില്ലെന്നും വൈസ് ചാൻസലർ ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

സർവകലാശാലയിൽ നടന്ന അദാലത്തിൽ ബി.ടെക് വിദ്യാർത്ഥിക്കുവേണ്ടി മാർക്ക് ദാനം നടത്തിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണമാണ് വിവാദത്തിന് തുടക്കമിട്ടത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദീൻ ഇടപെട്ടാണ് സിൻഡിക്കേറ്റിനെ മറികടന്ന് തീരുമാനമെടുത്തത് എന്നായിരുന്നു ആരോപണം. ഇത് നിഷേധിച്ചാണ് സർവകലാശാലയുടെ റിപോർട്ട്.

വി.സി സാബു തോമസ് ഗവർണർക്കും, രജിസ്ട്രാർ സാബുക്കുട്ടൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നൽകിയ റിപ്പോർട്ടിലാണ് നടപടികളെ ന്യായീകരിച്ചത്. അദാലത്തിനു മുൻപായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വാഭാവിക നടപടിയാണെന്നും സർവകലാശാലയുടെ ഗുണനിലവാരത്തെ ബാധിച്ചിട്ടില്ലെന്നും വിശദീകരണമുണ്ട്.

Tags
Back to top button