കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകം

ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളിൽ നേത്രരോഗത്തിനുള്ള സാധ്യതയും തലച്ചോറിന്റെ വികാസത്തെയും വ്യക്തിത്വത്തെയും ബാധിക്കാമെന്നും പഠനങ്ങൾ പറയുന്നു.

മൊബൈൽ ഫോൺ വേണമെന്ന് പറഞ്ഞ് കുട്ടികൾ കരഞ്ഞ് വാശിപിടിച്ചാൽ കരച്ചിൽ മാറാൻ രക്ഷിതാക്കൾ ഫോൺ കൊടുക്കുന്നത് സ്വാഭാവികമാണ്. അപ്പോഴത്തെ കരച്ചിൽ മാറുമായിരിക്കും. എന്നാൽ പിന്നീടുള്ള ദോഷവശങ്ങളെ പറ്റി രക്ഷിതാക്കൾ ചിന്തിക്കാറില്ല.

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകമാകുകയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മൊബൈൽ ഫോൺ മാത്രമല്ല, ടാബ്ലെറ്റ്, ലാപ്ടോപ്, ടിവി ഇവയൊന്നും കുട്ടികൾക്ക് നൽകാതിരിക്കുക.

മിക്ക കുട്ടികളുടെയും ലോകം ഇന്ന് മൊബൈൽ ഫോണും അതിലെ വീഡിയോകളും ഗെയിമുകളുമായി മാറിയിരിക്കുന്നു. മാതാപിതാക്കളെയാണ് ബോധവത്കരിക്കേണ്ടതെന്ന് പ്രമുഖ അമേരിക്കൻ സൈക്കോ തെറാപ്പിസ്റ്റ് ഡോ. നിക്കോളാസ് കർദരസ് പറയുന്നു. മൊബൈൽ, കമ്പ്യൂട്ടർ, ടാബ്, വീഡിയോ ഗെയിം എന്നിവയുടെ ഉപയോഗം കുട്ടികളിൽ പലതരത്തിലുള്ള നേത്രരോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.

മണിക്കൂറുകളോളം ഗെയിം കളിക്കുന്ന കുട്ടികളിൽ പ്രത്യേകിച്ച് കൗമാരക്കാരിൽ തലച്ചോറിന്റെ വികാസത്തെയും വ്യക്തിത്വത്തെയും ബാധിക്കാമെന്നും പഠനങ്ങൾ പറയുന്നു. കുട്ടികളിൽ മയോപ്പിയ (ഹ്രസ്വ ദൃഷ്ടി) കൂടുതലായി കണ്ടുവരുന്നതിന് പ്രധാന കാരണം മൊബൈൽ ഫോണ് തന്നെയാണ്.

മൊബൈൽ ഫോൺ ഉപയോഗം രണ്ടുതരത്തിലാണ് കുട്ടികളെ ബാധിക്കുന്നത്. ഫോണിന്റെ അമിതമായ ഉപയോഗം കുട്ടികളുടെ കാഴ്ചശക്തി കുറയ്ക്കുന്നതിനുപുറമേ വീടിനകത്തുതന്നെ ചടഞ്ഞുകൂടുന്നതിനാൽ അത് അവരുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നു.

Back to top button