അന്തദേശീയം (International)

ഇന്ത്യയിലേക്ക് അയച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് നീരവ് മോദി

മോദിയുടെ ജാമ്യാപേക്ഷ ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റർ കോടതി തള്ളിയതോടെയാണ് നീരവ് മോദി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ഇന്ത്യയിലേക്ക് അയച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് വിവാദ വജ്രവ്യാപാരി നീരവ് മോദി. കോടികളുടെ വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ലണ്ടനിൽ അറസ്റ്റിലായ നീരവ് മോദിയുടെ നാലാമത്തെ ജാമ്യാപേക്ഷയും ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റർ കോടതി തള്ളിയതോടെയാണ് നീരവ് മോദി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

കടുത്ത വിഷാദ രോഗവും ഉത്കണ്ഠയും അനുഭവിക്കുകയാണെന്നും ജാമ്യം അനുവദിക്കണമെന്നും നീരവ് മോദി ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. വീട്ടുതടങ്കലിൽ കഴിയാൻ തയാറാണെന്നും ജാമ്യത്തുകയായി 40 ലക്ഷം പൗണ്ട് കെട്ടിവയ്ക്കാമെന്നും മോദിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചെങ്കിലും ജഡ്ജി നിരസിച്ചു.

നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി 2018 ഓഗസ്റ്റിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബ്രിട്ടന് അപേക്ഷ നൽകിയത്. 2020 മേയിൽ കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ജാമ്യം തേടി വീണ്ടും നീരവ് കോടതിയെ സമീപിച്ചത്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുൽ ചോക്സിയും. കഴിഞ്ഞ വർഷം ജനുവരിയോടെ ഇരുവരും ഇന്ത്യ വിടുകയായിരുന്നു.

Tags
Back to top button