ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ അമ്മ മകനെ കൊന്ന് ആത്മഹത്യ ചെയ്‍തു.

നാമക്കല്‍: ഡെങ്കിപ്പനി ബാധിച്ച മകനെ ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ അമ്മ മകനെ കൊന്ന് ആത്മഹത്യ ചെയ്‍തു.

തമിഴ്‍നാട്ടിലെ നാമക്കലില്‍ ചൊവ്വാഴ്‍ച പുലര്‍ച്ചെയാണ് സംഭവം. ബേലുകുറിച്ചി സ്വദേശിയായ പി അൻബുകോടി (32) ആണ് ആറ് മാസം മാത്രം പ്രായമുള്ള മകന്‍ സര്‍വിനെ കൊന്ന് ആത്മഹത്യ ചെയ്‍തത്.

അൻബുകോടിയുടെ ഭര്‍ത്താവ് പെരിയസാമി ബാര്‍ബറാണ്. ഞായറാഴ്‍ചയാണ് ഇവരുടെ മകന് അസുഖം തുടങ്ങിയത്.

ഇരുവരും മകനെയുംകൊണ്ട് സേലത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തുകയും മകന് ഡെങ്കിപ്പനിയാണെന്ന് ആശുപത്രിയിലെ ഡോക്ടര്‍ സ്ഥിരീകരിക്കുകയും ചെയ്‍തു.

ഒരു ദിവസത്തെ ചികിത്സയ്‍‍ക്കായി നാലായിരത്തോളം രൂപ ചിലവാകുമെന്നും ആശുപത്രി അധികൃതര്‍ ഇവരോട് പറഞ്ഞു.

 ഇരുവരും തിങ്കളാഴ്‍ച രാത്രി 11 മണിയോടെ വീട്ടില്‍ തിരിച്ചെത്തി. മകനെ ചികിത്സിക്കാന്‍ കഴിയാത്തതില്‍ ദുഖിതയായിരുന്ന അൻബുകോടിയെ പെരിയസാമി ആശ്വസിപ്പിച്ചെങ്കിലും അവര്‍ ഉറങ്ങാതെ രാത്രി മുഴുവന്‍ മകന് കൂട്ടിരുന്നു.
രാത്രി 3 മണിയോടെ ഉറങ്ങാന്‍ പോയ പെരിയസാമി 3.45ഓടെ ഉണര്‍ന്നപ്പോള്‍ അമ്മയെയും കുഞ്ഞിനെയും കാണാനില്ലായിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മകനെയുമെടുത്ത് അൻബുകോടി കിണറ്റില്‍ ചാടിയെന്ന് കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Back to top button