സംസ്ഥാനത്ത്ഭൂമികൈമാറ്റവും വിനിയോഗവും, പുതിയ നിയമം വരുന്നു.

സംസ്ഥാനത്ത്ഭൂമികൈമാറ്റവും

പാലക്കാട്: കേരളത്തിലെ ഭൂമികൈമാറ്റവും വിനിയോഗവും സംബന്ധിച്ച നടപടിക്രമങ്ങള്‍ കൂടുതൽ സുതാര്യമാക്കാനുള്ള പുതിയ നിയമത്തിന്‍റെ കരടുരൂപമായി. ഭൂമിയുടെ ക്രയവിക്രയത്തിൽ റവന്യൂ, രജിസ്ട്രേഷൻ, സര്‍വേ വകുപ്പുകളുടെ നടപടികള്‍ ഏകോപിപ്പിക്കുന്ന ദ കേരള ലാൻഡ് അഡ്മിനിസ്ട്രേഷൻ ആന്‍റ് മാനേജ്മെന്‍റ് നിയമമാണ് ഉടൻ പ്രാബല്യത്തിൽ വരുന്നത്. നിയമത്തിൽ വേണ്ട മാറ്റങ്ങളെക്കുറിച്ച് ശുപാര്‍ശ നൽകാൻ മാര്‍ച്ച് അഞ്ചിന് രജിസ്ട്രേഷൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേരും.

ഉടമസ്ഥാവകാശവും തണ്ടപ്പേരും മാറ്റൽ, അവകാശികളില്ലാത്തതും പിടിച്ചെടുത്തതുമായ ഭൂമിയുടെ വിനിയോഗവും പാട്ടം നല്‍കലും തുടങ്ങിയ വിഷയങ്ങളിൽ പലപ്പോഴായി ഇറക്കിയ നിര്‍ദേശങ്ങള്‍ മൂലമുള്ള അവ്യക്തത ഒഴിവാക്കാനും പുതിയ നിയമം സഹായിക്കും. ഭൂമി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള സര്‍വേ, ഭൂമിയുടെ സ്വഭാവം നിര്‍ണയിക്കുന്ന ഭൂപടവും രേഖകളും തയ്യാറാക്കൽ, ഭൂനികുതി ഈടാക്കൽ തുടങ്ങിയവയും പുതിയ നിയമത്തിന്‍റെ പരിധിയിൽ വരും.

പുതിയ നിയമത്തിന്‍റെ വരവോടെ ഭൂമി ക്രയവിക്രയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍, ലാൻഡ് റവന്യൂ കമ്മീഷണര്‍, റവന്യൂ ബോര്‍ഡ്, സര്‍വേ ഡയറക്ടര്‍, രജിസ്ട്രേഷൻ ഐജി തുടങ്ങിയവര്‍ പലപ്പോഴായി ഇറക്കിയിട്ടുള്ള ചട്ടങ്ങളും നിര്‍ദേശങ്ങളും ഇതോടെ ഇല്ലാതാകും. ഒപ്പം സ്വതന്ത്ര വകുപ്പുകളായ സര്‍വേ, രജിസ്‌ട്രേഷന്‍ എന്നിവ റവന്യൂ വകുപ്പിന് കീഴിലാവുകയും ചെയ്യും. സര്‍വേ വകുപ്പിലെ ജീവനക്കാരെ റവന്യൂവിന്‍റെ ഭാഗമാക്കി കളക്ടറേറ്റ്, താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ പുനര്‍വിന്യസിക്കും.

കണ്ടുകൃഷി ഭൂമി കൈമാറ്റച്ചട്ടം (1958), കേരള ഭൂനികുതി നിയമം (1961), കേരള സര്‍വേയും അതിര്‍ത്തി നിര്‍ണയിക്കലും നിയമം (1961), തിരിച്ചുപിടിച്ച അവകാശികളില്ലാത്ത ഭൂമി നിയമം (1964), ഭൂമി ഉടമസ്ഥാവകാശ കൈമാറ്റനിയമം (1966), ഭൂവിനിയോഗ നിയമം (1967), ശ്രീപാദം ഭൂമി സ്വതന്ത്രമാക്കല്‍ നിയമം (1969), ശ്രീപണ്ടാരവക (കൈവശപ്പെടുത്തലും സ്വതന്ത്രമാക്കലും) നിയമം (1971), സേവന സഹായ (കൈവശപ്പെടുത്തലും സ്വതന്ത്രമാക്കലും) നിയമം (1981), നെല്‍വയല്‍ നീര്‍ത്തടസംരക്ഷണ നിയമം (2008) എന്നീ നിയമങ്ങള്‍ ഇതോടെ ഇല്ലാതാകും.

Back to top button