ഐ.എസ് ആശയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന പുസ്തകത്തിനു പിന്നിൽ മലയാളിയെന്ന് എൻ.ഐ.എ

മലപ്പുറം സ്വദേശി മുഹമ്മദ് മൻസൂർ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ‘ബുക്ക് ഓഫ് ജിഹാദ്’ ആണ് തീവ്രവാദ റിക്രൂട്ടിംഗിന് ഉപയോഗിക്കപ്പെട്ടതെന്ന് എൻ.ഐ.എ

ഐ.എസ് ആശയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന പുസ്തകത്തിനു പിന്നിൽ മലയാളിയെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് മൻസൂർ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ‘ബുക്ക് ഓഫ് ജിഹാദ്’ ആണ് തീവ്രവാദ റിക്രൂട്ടിംഗിന് വ്യാപകമായി ഉപയോഗിക്കപ്പെട്ടതെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ.

ഐ.എസ് വണ്ടൂർ കേസ് പ്രതി കൂടിയാണ് മുഹമ്മദ് മൻസൂർ. പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇബിൻ നൂഹായാണ് ബുക്ക് ഓഫ് ജിഹാദിന്റെ രചയിതാവ്. 2016-ൽ സിറിയയിൽ ഐ.എസിനായി പ്രവർത്തിക്കവെ മുഹമ്മദ് മൻസൂർ ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. കേരളത്തിൽ ഭീകരവാദ റിക്രൂട്ട്മെന്റിന് വ്യാപകമായി ഉപയോഗിച്ചത് മലയാളത്തിലുള്ള ഈ പുസ്തകമാണ്.

നിലവിൽ അറസ്റ്റിലായ ഐ.എസ് അനുകൂലികളിൽ നിന്നാണ് നിർണായക വിവരം എൻ.ഐ.എയ്ക്ക് ലഭിച്ചത്. ബുക്ക് ഓഫ് ജിഹാദിന്റെ പരിഭാഷകനും ഐ.എസ് ബഹ്റിൻ മൊഡ്യൂൾ അംഗവുമായിരുന്ന മുഹമ്മദ് മൻസൂർ കുടുംബസമ്മേതമാണ് സിറിയയിലേക്ക് കടന്നത്. ബഹ്റിനിലെ അൽ അൻസാർ സെന്റർ, ഫറൂഖ് മസ്ജിദ് എന്നിവിടങ്ങൽ കേന്ദ്രീകരിച്ച് നടന്ന പ്രവർത്തനങ്ങളാണ് ഇയാളെ ഐ.എസ് അനുകൂലിയാക്കയതെന്നും എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്.

Back to top button