ശൗചാലയത്തില്‍വെച്ച് ഒൻപത് വയസ്സുകാരി പീഡനത്തിനിരയായി.

ചണ്ഡിഗഡ്: ഗുരുഗ്രാമിലെ റയാന്‍ ഇൻറര്‍നാഷനല്‍ സ്‍കൂളിലെ ശൗചാലയത്തില്‍ ഏഴ് വയസ്സുകാരന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഹരിയാനയിലെ പാനിപ്പത്തിലെ സ്വകാര്യ വിദ്യാലയത്തിലെ ശൗചാലയത്തില്‍വെച്ച് ഒൻപത് വയസ്സുകാരി പീഡനത്തിനിരയായി.

ബുധനാഴ്‍ച രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്.

പരീക്ഷ എഴുതാനായി സ്‍കൂളിലെത്തിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ശൗചാലയത്തില്‍വെച്ച് പീഡിപ്പിക്കപ്പെടുകയായിരുന്നു.

കുട്ടി ക്ലാസ്സിലിരുന്ന് കരയുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

രക്ഷിതാക്കള്‍ സ്‍കൂളിലെത്തിയപ്പോളാണ് കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയത്. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

എന്നാല്‍ സംഭവം അറിഞ്ഞ സ്‍കൂള്‍ അധികൃതര്‍ ഇത് മൂടിവെക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്. രാവിലെ നടന്ന സംഭവമായിട്ടും വൈകീട്ട് എട്ടോടെയാണ് രക്ഷിതാക്കള്‍ക്ക് പോലീസില്‍ പരാതി നല്‍കാനായത്.
വിവരമറിഞ്ഞ് മറ്റ് രക്ഷിതാക്കള്‍ സ്‍കൂളിലെത്തുകയും പ്രതിഷേധിക്കുകയും ചെയ്‍തു. എഫ്‍ഐആര്‍ രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

സ്‍കൂളില്‍ത്തന്നെ ജോലിചെയ്യുന്നവരാണ് പീഡിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. അഞ്ചു പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം സ്‍കൂളില്‍ ആവശ്യത്തിന് സിസിടിവി ക്യാമറകള്‍ ഇല്ലായിരുന്നെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
10000 രൂപ വരെ ഫീസ് വാങ്ങിയിട്ടും ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
advt
Back to top button