സംസ്ഥാനം (State)

മലപ്പുറം നിലമ്പൂരിൽ വിദഗ്ധ ചികിൽസ കിട്ടാതെ ആദിവാസി ശിശു മരിച്ച സംഭവത്തിൽ പരാതിയുമായി രക്ഷിതാക്കൾ

നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ രോഗനിർണയത്തിൽ വീഴ്ചവരുത്തിയതാണ് മരണകാരണമായതെന്നാണ് ആരോപണം.

മലപ്പുറം നിലമ്പൂരിൽ വിദഗ്ധ ചികിൽസ കിട്ടാതെ ആദിവാസി ശിശു മരിച്ച സംഭവത്തിൽ പരാതിയുമായി രക്ഷിതാക്കൾ. എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ രോഗനിർണയത്തിൽ വീഴ്ചവരുത്തിയതാണ് മരണകാരണമായതെന്നാണ് ആരോപണം.

നിലമ്പൂർ പാത്തിപ്പാറ ചക്കപ്പാലി കോളനിയിൽ രാജുവിൻറെയും സുനിതയുടെയും കുഞ്ഞാണ് അണുബാധയെത്തുടർന്ന് മരിച്ചത്. നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിയ കുഞ്ഞിനെ കഫക്കെട്ടിനുള്ള മരുന്ന് നൽകി വീട്ടിലേക്കയക്കുകയായിരുന്നു. അസുഖം കൂടി വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. അണുബാധയിൽ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചതാണ് മരണകാരണം.

കഴിഞ്ഞ ഇരുപത്തഞ്ചിന് മമ്പാട് എടക്കോട് കോളനിയിലെ പാലന്റെയും സീതയുടെയും മകൾ രാജി കൃഷ്ണ ജില്ലാ ആശുപത്രിയിൽ വെച്ച് പനിബാധിച്ച് മരിച്ചിരുന്നു. തുടർന്ന് ചികിത്സ നൽകുന്നതിൽ ഡോക്ടർമാർ വീഴ്ച വരുത്തിയതാണ് മരണത്തിനിടയാക്കിയതെന്ന പരാതിയിൽ അസ്വാഭാവികമരണത്തിന് പൊലീസ് കേസെടുത്തു.

ആദിവാസികൾക്ക് ചികിൽസ നൽകുന്നതിൽ തുടർച്ചയായുണ്ടാകുന്ന വീഴ്ചകൾ അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിഎടുക്കണമെന്നുമാണ് ഊരുകാരുടെ ആവശ്യം.

Tags
Back to top button