ദേശീയം (National)

കേരളത്തെ പിന്തള്ളി കര്‍ണാടകം രാജ്യത്തെ കുരുമുളക് ഉത്‍പാദനത്തില്‍ ഒന്നാമതെത്തി.

ബെംഗലൂരു: കേരളത്തെ പിന്തള്ളി കര്‍ണാടകം രാജ്യത്തെ കുരുമുളക് ഉത്‍പാദനത്തില്‍ ഒന്നാമതെത്തി.

കേന്ദ്ര സ്‍പൈസ് ബോര്‍ഡിന്‍റെ കണക്ക് പ്രകാരം കര്‍ണാടകമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കുരുമുളക് ഉത്‍പാദിപ്പിക്കുന്ന സംസ്ഥാനം.

രാജ്യത്തെ മൊത്തം ഉത്‍പാദനത്തിന്‍റെ 45 ശതമാനത്തോളമാണ് കര്‍ണാടകത്തിന്‍റെ പങ്ക്.

2014-15 വര്‍ഷത്തില്‍ കേരളം 28,000 മെട്രിക് ടണ്‍ കുരുമുളക് ഉത്‍പാദിപ്പിച്ചപ്പോള്‍ 33,000 മെട്രിക് ടണ്‍ ആയിരുന്നു കര്‍ണാടകത്തിന്‍റെ ഉത്‍പാദനം.

2015-16 കാലയളവില്‍ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അന്തരം വീണ്ടും വര്‍ധിച്ചു. ഇക്കാലയളവില്‍ കര്‍ണാടകത്തിന്‍റെ ഉത്‍പാദനം 33,000 മെട്രിക് ടണ്ണായി നിലനിന്നപ്പോള്‍ കേരളത്തിന്‍റേത് 26000 ആയി കുറഞ്ഞു.

 കുരുമുളക് മൂപ്പെത്തുന്നതിനു മുന്‍പ് കൊഴിഞ്ഞുപോകുന്ന രോഗം ബാധിച്ചതിനാലാണ് കേരളത്തിലെ ഉത്‍പാദനത്തില്‍ ഇടിവുണ്ടായത്.
വയനാട്ടിലെ കര്‍ഷകരുടെ 90 ശതമാനത്തോളം വിളയും ഈ രോഗം കാരണം നഷ്‍ടപ്പെട്ടിരുന്നു. ഇത് തടയാനുള്ള നടപടികള്‍ സ്പൈസ് ബോര്‍ഡ് സ്വീകരിച്ചുവരികയാണ്.

ഇതേസമയം ദക്ഷിണ കര്‍ണാടകത്തിലെ വിവിധ ജില്ലകളില്‍ കുരുമുളക് ഉത്‍പാദനം വര്‍ധിച്ചുവരികയാണ്.

ചിക്കമഗ്ലൂര്‍, ഷിമോഗ, കുടക്, മഡിക്കേരി എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ കുരുമുളക് കൃഷി ചെയ്യുന്നുണ്ട്.
അടയ്‍ക്ക, കാപ്പി, റബ്ബര്‍, തേങ്ങ എന്നിവയെക്കാള്‍ ലാഭകരമായ വിള എന്ന നിലയിലാണ് കര്‍ണാടകത്തിലെ കര്‍ഷകര്‍ കുരുമുളകിലേക്ക് തിരിഞ്ഞത്.
കാപ്പിച്ചെടികള്‍ക്കിടയിലാണ് കാര്യമായി കുരുമുളക് നടുന്നത്. 40 മുതല്‍ 80 വരെ തൈകള്‍ ഓരോ തോട്ടത്തിലും നടാനാകും.
Tags
Back to top button