കോൺഗ്രസ് വിട്ട പ്രിയങ്കാ ചതുർവേദി ശിവസേനയിൽ ചേർന്നു

കോൺഗ്രസ് വിട്ട പ്രിയങ്കാ ചതുർവേദി ശിവസേനയിൽ ചേർന്നു

മുംബൈ: കോൺഗ്രസ് വിട്ട പ്രിയങ്കാ ചതുർവേദി ശിവസേനയിൽ ചേർന്നു. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയെ മധോശ്രീയിലെത്തി സന്ദർശിച്ച ശേഷമാണ് പ്രിയങ്ക ശിവസേനയിൽ അംഗത്വമെടുത്തത്. ശിവസേനയിലേക്ക് സ്വാഗതം ചെയ്തതിന് അവർ ഉദ്ധവ് താക്കറേക്കും ആദിത്യ താക്കറേക്കും നന്ദി പറഞ്ഞു.

തന്നോട് മോശമായി പെരുമാറിയ നേതാക്കളെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് പ്രിയങ്ക കോൺഗ്രസിൽനിന്നും രാജിവെച്ചത്. പാർട്ടിക്കുവേണ്ടി ഒഴുക്കിയ വിയർപ്പിന്റെയും രക്തത്തിന്റെയും പേരുപറഞ്ഞ് അവരെ തിരിച്ചെടുത്തതിൽ കടുത്ത ദുഃഖമുണ്ടെന്ന് പ്രിയങ്ക ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. പാർട്ടിക്കുവേണ്ടി താൻ വിമർശനങ്ങളും അപമാനവും ഏറ്റുവാങ്ങിയിട്ടുണ്ടെന്നും തന്നെ ഭീഷണിപ്പെടുത്തിയവരെ മാറ്റി നിർത്താൻ പോലും പാർട്ടി തയ്യാറാകുന്നില്ലെന്നും അത് സങ്കടകരമാണെന്നും പ്രിയങ്ക ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.

ദിവസങ്ങൾക്ക് മുമ്പാണ് ഉത്തർപ്രദേശിലെ മഥുരയിൽ വാർത്താ സമ്മേളനത്തിൽ പ്രയങ്കയോട് ചില പ്രാദേശിക പ്രവർത്തകർ അപമര്യാദയായി പെരുമാറിയത്. ആരോപണ വിധേയരായവരെ കോൺഗ്രസ് സസ്പെന്റ് ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നിർദ്ദേശത്തെത്തുടർന്ന് അവരെ തിരിച്ചെടുത്തു. ഇതാണ് രാജിയിലേക്ക് വഴിതെളിച്ചത്.

Back to top button