ദേശീയം (National)

സംസ്ഥാന സർക്കാരും കേരള ഒളിംപിക് അസോസിയേഷനും നൽകുന്ന ആദരം ഏറ്റുവാങ്ങാൻ പി.വി സിന്ധു നാളെ കേരളത്തിലെത്തും

മുഖ്യമന്ത്രി പിണറായി വിജയൻ സിന്ധുവിന് 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും.

തിരുവനന്തപുരം: ബാഡ്മിന്റൺ ലോക ചാമ്പ്യൻ പി.വി സിന്ധു ചൊവ്വാഴ്ച കേരളത്തിലെത്തും. സംസ്ഥാന സർക്കാരും കേരള ഒളിംപിക് അസോസിയേഷനും നൽകുന്ന ആദരം ഏറ്റുവാങ്ങുന്നതിനായാണ് സിന്ധു തിരുവനന്തപുരത്തെത്തുന്നത്.

നാളെ രാത്രി എട്ടിന് തിരുവനന്തപുരത്തെത്തുന്ന സിന്ധു മറ്റന്നാൾ രാവിലെ ആറ് മണിക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കും. മറ്റന്നാൾ വൈകിട്ട് മൂന്നരയ്ക്ക് ജിമ്മി ജോർജ് സ്റ്റേഡിയത്തിലാണ് സിന്ധുവിനെ ആദരിക്കുന്ന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ സിന്ധുവിന് 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും.

ബേസലിൽ നടന്ന ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജാപ്പനീസ് സൂപ്പർ താരം നൊസോമി ഒകുഹാരയെ തോൽപ്പിച്ചാണ് സിന്ധു ലോക കിരീടം നേടിയത്. നേരിട്ടുള്ള ഗെയിമുകൾക്ക് 21-7, 21- 7 എന്ന സ്കോറിനാണ് സിന്ധുവിന്റെ ജയം. ലോക ചാമ്പ്യൻഷിപ്പിൽ ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ കിരീടമാണിത്.

ഒളിംപിക്സിൽ വെള്ളിമെഡൽ നേടിയ ശേഷം ഗൾഫ് വ്യവസായി 25 ലക്ഷം രൂപ സമ്മാനിച്ച ചടങ്ങിനായാണ് സിന്ധു അവസാനം തിരുവനന്തപുരത്തെത്തിയത്.

Tags
Back to top button